നേപ്പാളിലെ സംഭവവികാസങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമെന്ന് ഇന്ത്യ
1 min readന്യൂഡെല്‍ഹി: ഭരണകക്ഷിക്കുള്ളിലെ കലഹവും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ തീരുമാനം ഉള്‍പ്പെടെ നേപ്പാളിലെ സമീപകാല സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്‍റെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ വിശദീകരിച്ചു. കോവിഡ് വ്യാപനത്തിനിടയില്‍ ജനപ്രതിനിധിസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യാനുള്ള ഒലിയുടെ നീക്കത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച നേപ്പാള്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു. പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി നവംബറിലെ പൊതുതെരഞ്ഞെടുപ്പ് നിശ്ചയിച്ചെങ്കിലും രാഷ്ട്രീയ പ്രതിഷേധം രാജ്യമാകെയുണ്ട്.
‘നേപ്പാളിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇന്ത്യ ശ്രദ്ധിച്ചു. ഇവയെ അവരുടെ ആഭ്യന്തര ചട്ടക്കൂടിനും ജനാധിപത്യ പ്രക്രിയകള്‍ക്കും കീഴില്‍ കൈകാര്യം ചെയ്യേണ്ട ആഭ്യന്തര കാര്യങ്ങളായി ഞങ്ങള്‍ കാണുന്നു, “വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “ഒരു അയല്‍രാജ്യവും സുഹൃത്തും എന്ന നിലയില്‍ പുരോഗതി, സമാധാനം, സ്ഥിരത, വികസനം എന്നിവയിലേക്കുള്ള യാത്രയില്‍ നേപ്പാളിനും ജനങ്ങള്‍ക്കും ഇന്ത്യ നല്‍കുന്ന പിന്തുണ അചഞ്ചലമായി തുടരും,” അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്‍റെ തലവനായി 69 കാരനായ ഒലി 2018 ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യ-നേപ്പാള്‍ ബന്ധം വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ട് നേപ്പാളിനെ ചൈനയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പക്ഷെ ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.അതിര്‍ത്തിയിലുണ്ടായ തര്‍ക്കവും ഉഭയകക്ഷി ബന്ധം മോശമാകുന്നതിന് കാരണമായി. ചൈനയുടെ അതിര്‍ത്തിയില്‍ ലിപുലെഖിലേക്ക് ഇന്ത്യ തന്ത്രപരമായ റോഡ് തുറന്നപ്പോള്‍ നേപ്പാള്‍ അസ്വസ്ഥമായി. ഇത് നേപ്പാള്‍ അവകാശപ്പെടുന്ന പ്രദേശമാണ്. ഇന്ത്യയ്ക്കുള്ളിലെ ലിപുലെഖ്, കലപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ നേപ്പാളിലെ പ്രദേശങ്ങളായി കാണിക്കുന്ന ഒരു പുതിയ രാഷ്ട്രീയ ഭൂപടം അവര്‍ പുറത്തിറക്കി പ്രതികരിച്ചു.
റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗും ഇന്ത്യന്‍ ആര്‍മി മേധാവികളും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിംഗ്ലയും നേപ്പാളിലേക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ പ്രശ്നം ഏറെ വഷളാകാതിരിക്കാന്‍ സഹായിച്ചു.വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി കഴിഞ്ഞ വര്‍ഷം ന്യൂഡെല്‍ഹിലെത്തിയിരുന്നു. വിദേശകാര്യമന്ത്രി ജയ്ശങ്കറുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
അതേസമയം പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള ഒലിയുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശേഷിപ്പിച്ചു.പിരിച്ചുവിട്ട സഭയിലെ 150 ഓളം അംഗങ്ങള്‍ തിങ്കളാഴ്ച നേപ്പാളിലെ സുപ്രീം കോടതിയെ സമീപിച്ചു. ഒലിയുടെ സിപിഎന്‍-യുഎംഎല്‍ പാര്‍ട്ടി അംഗം മാധവ് കുമാര്‍ നേപ്പാളും മറ്റ് 22 നേതാക്കളും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി അംഗീകരിച്ചു, ഇത് സിപിഎന്‍-യുഎംഎല്ലില്‍ ഭിന്നതയ്ക്ക് വേദിയൊരുക്കി. ഒലി നേപ്പാളിനെയും 10 നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.