സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഇന്ത്യ
1 min readഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ സൗദിയുടെ സ്ഥാനം ഫെബ്രുവരിയില്‍ നാലിലേക്ക് മാറിയിരുന്നു
ന്യൂഡെല്‍ഹി: ആഗോള സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിനായി എണ്ണ ഉല്‍പ്പാദനവും വിതരണവും വര്‍ധിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഒപെക് രാഷ്ട്രങ്ങള്‍ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിന് ഇന്ത്യ തയാറെടുക്കുന്നു. മേയ് മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ സൗദിയില്‍ നിന്നുള്ള ഇറക്കുമതി 25 ശതമാനത്തോളം കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, മംഗലാപുരം റിഫൈനറി, പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്നിവ മെയ് മാസത്തില്‍ 10.8 ദശലക്ഷം ബാരല്‍ സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാണ് പദ്ധതിയിടുന്നത്. ഇന്ത്യയുടെ 5 ദശലക്ഷം ബാരലിന്‍റെ (ബിപിഡി) പ്രതിദിന റിഫൈനിംഗ് ശേഷിയുടെ 60 ശതമാനവും സ്റ്റേറ്റ് റിഫൈനറുകളുടെ കൈവശ്യമാണ്. ഒരു മാസത്തില്‍ ശരാശരി 14.7-14.8 ദശലക്ഷം ബാരല്‍ സൗദി എണ്ണയാണ് ഈ കമ്പനികള്‍ ഇറക്കുമതി ചെയ്തിരുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാഷ്ട്രവും ഉപഭോക്തൃ രാഷ്ട്രവുമായ ഇന്ത്യ എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. എണ്ണവില ഉയരുന്നതിലൂടെ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ എണ്ണമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒപെക് രാഷ്ട്രങ്ങളോടും സഖ്യകക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. ആഗോള എണ്ണവില കുതിച്ചുയരാന്‍ സൗദി സ്വമേധയാ ഉല്‍പ്പാദനം വെട്ടിക്കുറച്ചത് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒപെക്കില്‍ നിന്നുള്ള പ്രതികരണങ്ങള്‍ക്ക് കാക്കുന്നതിനാല്‍ ഏപ്രിലില്‍ ഇറക്കുമതിയില്‍ കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇപ്പോള്‍ തന്നെ ഇടിവ് പ്രകടമാക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ സൗദിയുടെ സ്ഥാനം ഫെബ്രുവരിയില്‍ നാലിലേക്ക് മാറിയിരുന്നു. കഴിഞ്ഞ മാസം ഇറഖിനു പിന്നിലായി യുഎസ് ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. ഫെബ്രുവരിയില്‍ 22 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി.