2020 തത്സമയ പേമെന്‍റ് ഇടപാടുകളില്‍ ഇന്ത്യ മുന്നില്‍
1 min readമുംബൈ: 2020 ല്‍ 25.5 ബില്യണ്‍ തത്സമയ പേയ്മെന്‍റ് ഇടപാടുകളുമായി ഡിജിറ്റല്‍ പേയ്മെന്‍റിന്‍റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെന്ന് എസിഐ വേള്‍ഡ് വൈഡ്, ഗ്ലോബല്‍ ഡാറ്റ എന്നിവ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട്. 2020ല്‍ ഇന്ത്യയിലെ ഇടപാടുകളുടെ എണ്ണത്തില്‍ തല്‍ക്ഷണ പേയ്മെന്‍റുകളുടെ വിഹിതം 15.6 ശതമാനവും മറ്റ് ഇലക്ട്രോണിക് പേയ്മെന്‍റുകളുടെ വിഹിതം 22.9 ശതമാനവുമാണ്. പേപ്പര്‍ അധിഷ്ഠിത പേയ്മെന്‍റുകളില്‍ 61.4 ശതമാനം വിഹിതം ഇന്ത്യക്കുണ്ട്.
2025ഓടെ തല്‍ക്ഷണ പേയ്മെന്‍റുകളിലും മറ്റ് ഇലക്ട്രോണിക് പേയ്മെന്‍റുകളിലും വിഹിതം യഥാക്രമം 37.1 ശതമാനമായും 34.6 ശതമാനമായും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പേപ്പര്‍ അധിഷ്ഠിത ഇടപാടുകളുടെ എണ്ണം 28.3 ശതമാനമായി കുറയുമെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ, 2024 ഓടെ മൊത്തത്തിലുള്ള ഇലക്ട്രോണിക് ഇടപാടുകളിലെ തത്സമയ പേയ്മെന്‍റിന്‍റെ വിഹിതം 50 ശതമാനം കവിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന ഇന്ത്യയെ പിന്തുടര്‍ന്ന് 15.7 ബില്യണ്‍ ഇടപാടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും തായ്ലന്‍ഡും യുകെയും നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്തെത്തി.
2020 ല്‍ ആഗോളതലത്തില്‍ 70.3 ബില്യണിലധികം തത്സമയ പേയ്മെന്‍റ് ഇടപാടുകള്‍ പ്രോസസ്സ് ചെയ്യപ്പെട്ടു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വര്‍ധന. കോവിഡ് -19 പാന്‍ഡെമിക് ഇടപാടുകളുടെ സ്വഭാവത്തില്‍ വേഗത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിച്ചു.