ഇന്ത്യ ഗ്രോത്ത് സ്റ്റോറി : 10 വര്‍ഷത്തിനുള്ളില്‍ സെന്‍സക്സ് 2 ലക്ഷം തൊടും
1 min read- ഇന്ത്യന്‍ ഗ്രോത്ത് സ്റ്റോറിയില്‍ വിശ്വസിക്കാതിരിക്കരുതെന്ന് വിദഗ്ധര്‍
- സെന്‍സക്സ് നടത്താനിരിക്കുന്നത് വലിയ കുതിപ്പ്
- ഇന്ത്യയുടെ ജിഡിപി പ്രതീക്ഷ ഉയര്‍ത്തി നോമുറയും
മുംബൈ: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി സൂചികയായ സെന്‍സക്സ് രണ്ട് ലക്ഷം തൊടുമെന്ന് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നു. കോര്‍പ്പറേറ്റ് വരുമാനം കൂടുന്നതും ജനസംഖ്യാപരമായ ഗുണങ്ങളുമെല്ലാം ഇന്ത്യയുടെ വിപണി വളര്‍ച്ചയുടെ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നാലിരട്ടി വളര്‍ച്ചയാകും സെന്‍സക്സിനുണ്ടാകുകയെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാന്‍ റാംദിയോ അഗ്രവാള്‍ പറയുന്നു.
100ല്‍ നിന്നും സെന്‍സക്സ് 52,000ത്തിലേക്ക് എത്തിയതിന് സാക്ഷ്യം വഹിച്ചയാളാണ് ഞാന്‍. കഴിഞ്ഞ 40 വര്‍ഷത്തിനിടെയാണ് അത് സംഭവിച്ചത്. ഇന്ത്യ വളരെ വിസ്മയകരമായ ഒരു അവസരമാണ്-അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ ലാഭത്തില്‍ ശരാശരി 15 ശതമാനത്തിന്‍റെ വളര്‍ച്ച തുടര്‍ച്ചയായി പ്രതീക്ഷിക്കാമെന്നും സെന്‍സക്സിന്‍റെ വളര്‍ച്ചയ്ക്ക് അത് ആക്കം കൂട്ടുമെന്നുമാണ് വിലയിരുത്തല്‍.
വളരുന്ന മധ്യവര്‍ഗവും, ജനസംഖ്യയില്‍ യുവതലമുറയ്ക്കുള്ള മികച്ച പ്രാതിനിധ്യവും ഇന്ത്യക്ക് കരുത്തേകുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ. വളരെ വേദനാജനകമായിരുന്നു കോവിഡ് ആഘാതമെങ്കിലും അത് താല്‍ക്കാലികം മാത്രമാണെന്നാണ് അഗ്രവാളിനെ പോലുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വാക്സിനേഷനിലൂടെ കോവിഡിന്‍റെ അന്ത്യം കുറിക്കാമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം.
ജിഡിപി വളര്‍ച്ച 7.7 ശതമാനം
അതേസമയം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചയില്‍ മാറ്റം വരുത്തി ആഗോള റേറ്റിംഗ് ഏജന്‍സിയായ നോമുറ. 2022ലേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ .7 ശതമാനത്തിന്‍റെ വര്‍ധനയാണ് നോമുറ വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തിന്‍റെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി മാറി. 2021ല്‍ 1.5 ശതമാനവും 2022ല്‍ 1.3 ശതമാനവുമായിരിക്കും കറന്‍റ് എക്കൗണ്ട് കമ്മിയെന്നും നോമുറ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉപഭോക്ത്ൃ വിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയുമെന്നും നോമുറ വിലയിരുത്തുന്നു.
ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 1.6 ശതമാനമായിരുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം പോയ സാമ്പത്തിക വര്‍ഷം മൊത്തം കണക്കിലെടുക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങുകയാണുണ്ടായത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ ചുരുങ്ങുന്നത്. 1979-80 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 5.2 ശതമാനമായി ചുരുങ്ങിയിരുന്നു.
2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഉല്‍പ്പാദനമേഖലയില്‍ രാജ്യത്തിന്‍റെ മൊത്തം മൂല്യവര്‍ധന (ജിവിഎ) 6.9 ശതമാനമായി ഉയര്‍ന്നു. പോയ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് കൂടുതലാണത്. പോയ വര്‍ഷം ഇത് 4.2 ശതമാനമായിരുന്നു.