ആഗോള ജനാധിപത്യ സൂചിക; ഇന്ത്യയുടെ സ്ഥാനം താഴോട്ട്
ന്യൂഡെല്‍ഹി: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. രണ്ട് സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട് ഇന്ത്യയുടെ സ്ഥാനം 53ല്‍ എത്തി. അധികാരികളുടെ ജനാധിപത്യ ധ്വംസനവും പൗരസ്വാതന്ത്ര്യത്തിനെതിരായ നടപടികളുമാണ് പിന്തള്ളപ്പെടാന്‍ കാരണമെന്ന് ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് അറിയിച്ചു. അയല്‍രാജ്യങ്ങളേക്കാള്‍ ഇന്ത്യ മുന്നിലാണ്. പട്ടികയില്‍ നോര്‍വേയാണ് ഒന്നാം സ്ഥാനത്ത്. ഐസ്ലന്‍ഡ്, സ്വീഡന്‍, ന്യൂസിലാന്റ്, കാനഡ എന്നീരാജ്യങ്ങളാണ് അതിനുപിന്നില്‍.
ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോര്‍ 2019 ല്‍ 6.9 ആയിരുന്നു. ഇന്ന്് അത് 6.61 ആയി കുറഞ്ഞു. ലോകത്തെ 167 രാജ്യങ്ങളുടെ ജനാധിപത്യത്തിന്റെ നിലവിലെ സ്ഥിതി സൂചിക കാണിക്കുന്നു. നിലവിലെ ഭരണത്തിന്‍കീഴില്‍ ജനാധിപത്യത്തിന് അപചയം സംഭവിച്ചുവെന്നാണ് ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇ.ഐ.യു) പറയുന്നത്. 2014ല്‍ ഇന്ത്യയുടെ സ്‌കോര്‍ 7.92 ആയിരുന്നതായും അവര്‍ പറയുന്നു.
ഡെമോക്രസി സൂചിക 23 രാജ്യങ്ങളെ സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യങ്ങളായും 52 എണ്ണം ജനാധിപത്യം കുറഞ്ഞവയായും 35 രാജ്യങ്ങള്‍ മിശ്ര സ്വഭാവം പുലര്‍ത്തുന്നവയും 57 രാജ്യങ്ങളെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളായും തരംതിരിച്ചു.