ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി ഹബ്ബായി മാറി: പ്രധാനമന്ത്രി
1 min readന്യൂഡെല്‍ഹി: ഈ കോവിഡ് കാലത്ത് ഇന്ത്യ ലോകത്തിന്റെ പ്രധാന ഫാര്‍മസിയായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. നമ്മുടെ ശാസ്ത്രജ്ഞര്‍ ഒരു നിയോഗംപോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെഫലമായാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് രാജ്യത്ത് ഇന്ന് നടക്കുന്നത്. ഇന്ത്യവളര്‍ന്നുവരികയാണെന്നും നമ്മുടെ ഡോക്ടര്‍മാര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ അഭിനന്ദനങ്ങള്‍ ലഭിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘നേരത്തെ വസൂരി, പോളിയോ എന്നിവ ഗുരുതരമായ ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ രോഗങ്ങള്‍ക്ക് ഒരു വാക്‌സിന്‍ കണ്ടെത്താന്‍ വളരെയധികം കഠിനാധ്വാനം വേണ്ടിവന്നു. ഇന്ന് നാം കൊറോണ വൈറസിനെതിരായി വാക്‌സിനുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്നും മോദി പറഞ്ഞു.
കോവിഡ് -19 മഹാമാരി ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ ശക്തിപ്പെടുത്തിയെന്നും മോദി പറഞ്ഞു. പകര്‍ച്ചവ്യാധിക്കുള്ള ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ ലോകം മുഴുവന്‍ പാടുപെടുന്നതിനിടയിലാണ് ശ്രദ്ധ ഇന്ത്യന്‍ മരുന്നുകളിലേക്ക് നീങ്ങിയത്. ‘ഇന്ന് ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി ഹബ്ബായി മാറിയിരിക്കുന്നു. ഇന്ത്യന്‍ വാക്‌സിനുകള്‍ 150 ഓളം രാജ്യങ്ങളിലേക്കാണ് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.