തെലങ്കാനയിലെ നാലിലൊരാളില്‍ കോവിഡ് ആന്റിബോഡിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
1 min readഹൈദരാബാദ്: തെലങ്കാനയിലെ നാലില്‍ ഒരാളെന്ന കണക്കില്‍ കോവിഡ്-19 വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐസിഎംആര്‍) സര്‍വ്വേ റിപ്പോര്‍ട്ട്. രോഗവ്യാപനം സംബന്ധിച്ച് ദേശീയതലത്തില്‍ ഐസിഎംആര്‍ സംഘടിപ്പിച്ച സര്‍വ്വേയുടെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ നടത്തിയ മൂന്നാംഘട്ട രോഗ നിരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഐസിഎംആറിന് വേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനാണ് (എന്‍ഐഎന്‍) ആണ് സര്‍വ്വേ നടത്തിയത്.
ജന്‍ഗയോണ്‍, നല്‍ഗൊണ്ട, കാമറെഡ്ഡി എന്നീ ജില്ലകളില്‍ നടത്തിയ സര്‍വ്വേയില്‍ സീറോ-പൊസിറ്റിവിറ്റി റേറ്റ് (പ്രത്യക്ഷമല്ലാത്ത രീതിയില്‍ നേരത്തെ SARS-CoV2 വൈറസ് വന്നുപോയതിന്റെ സൂചിക) 24 ശതമാനമാണെന്നാണ് കണ്ടെത്തിയത്. വൈറസിനെതിരെ ഒരു വ്യക്തിയുടെ ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടു എന്നാണ് സീറോ പൊസിറ്റിവിറ്റി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആ വ്യക്തിയില്‍ നേരത്തെ വൈറസ് ബാധ ഉണ്ടായെന്നും ആ വൈറസിനെതിരായ പ്രതിരോധശേഷി ശരീരത്തില്‍ രൂപപ്പെട്ടുവെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
ഒരേ സ്ഥലത്ത് തന്നെ സമാനസ്വഭാവത്തിലുള്ള സര്‍വ്വേകള്‍ ആവര്‍ത്തിച്ച് രോഗവ്യാപനത്തിലുള്ള പ്രവണതകള്‍ രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയുമാണ് ഇത്തരം സര്‍വ്വേകളിലൂടെ ഐസിഎംആര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മേയിലാണ് ആദ്യ സര്‍വ്വേ സംഘടിപ്പിച്ചത്. അന്ന് 0.33 ശതമാനം ടെസ്റ്റ്് പൊസിറ്റിവിറ്റി നിരക്കാണ് ഈ ജില്ലകളില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ രണ്ടാംഘട്ട സര്‍വ്വേയില്‍ പൊസിറ്റിവിറ്റി നിരക്ക് 12.5 ശതമാനമായി ഉയര്‍ന്നതായി കണ്ടെത്തി. ഏറ്റവുമൊടുവില്‍ നടത്തിയ സര്‍വ്വേയിലാണ് പൊസിറ്റിവിറ്റ നിരക്ക് 24.1 ശതമാനമായതായി കണ്ടത്തിയത്.
ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ രാജ്യത്തെ മൊത്തം ടെസ്റ്റ് പൊസിറ്റിവിറ്റി മൂന്നിരട്ടിയിലധികം വര്‍ധിച്ചപ്പോള്‍ തെലങ്കാനയില്‍ രണ്ടിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബറില്‍ തെലങ്കാനയില്‍ രേഖപ്പെടുത്തിയ 24.1 ശതമാനമെന്ന പൊസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയായ 24 ശതമാനത്തിന് സമാനമാണ്. ക്വാറന്റീന്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, പരിശോധന നയങ്ങള്‍ തുടങ്ങി തെലങ്കാനയിലെ പകര്‍ച്ചവ്യാധി പ്രതിരോധത്തിലുള്ള മികവിന് തെളിവാണിതെന്ന് ഐസിഎംആര്‍-എന്‍ഐഎന്‍ ഡയറക്ടര്‍ ഡോ.ആര്‍ ഹേമലത പറഞ്ഞു. കൃത്യമായ മാസ്‌ക് ധരിക്കല്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കല്‍ അടക്കം പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളുമായുള്ള ജനങ്ങളുടെ സഹകരണമാണ് തെലങ്കാനയില്‍ രോഗവ്യാപന നിരക്ക് മന്ദഗതിയിലാകാനുള്ള കാരണമെന്ന് ഐസിഎംആര്‍ നോഡല്‍ ഓഫീസര്‍ ഡോ. ലക്ഷ്മയ്യ പറഞ്ഞു.