സമ്പദ് വ്യവസ്ഥ സാധാരണ നിലയിലെത്തുന്നത് ഓഗസ്റ്റ്-സെപ്റ്റംബറോടെ
1 min read11 സംസ്ഥാനങ്ങളില്‍ ജൂണ്‍ അവസാനത്തോടെ രോഗവ്യാപനം ഉച്ഛസ്ഥായിയില്‍ എത്തും
ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗം ജൂണ്‍ മാസത്തോടെ ഇന്ത്യയില്‍ ഉച്ഛസ്ഥായിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്പത്തിക പ്രവര്ത്തനങ്ങള്‍ സാധാരണ നിലയിലാകാന്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എയുടെ നിഗമനം.
ചില സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം പീക്കില്‍ എത്താന്‍ കൂടുതല്‍ സമയമെടുത്തേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര ഇതിനകം ഈ പീക്ക് മറികടന്നിരിക്കാം, അതേസമയം ഹരിയാന, ദില്ലി, ആന്ധ്രാപ്രദേശ് എന്നിവയാണ് അടുത്തതായി ഈ നിലയിലേക്ക് എത്തുക എന്ന് സിഎല്‍എസ്എ വിലയിരുത്തുന്നു. വിലയിരുത്തലുകള്‍ നടത്തിയ 16 സംസ്ഥാനങ്ങളില്‍ 11 എണ്ണം ജൂണ്‍ അവസാനത്തോടെ ഈ തരംഗത്തിന്‍റെ ഉച്ഛസ്ഥായിയില്‍ എത്തിയേക്കും. ഇന്ത്യയിലെ ജനസംഖ്യയുടെ 47 ശതമാനവും ജിഡിപിയുടെ 65 ശതമാനവും ഈ സംസ്ഥാനങ്ങളിലായാണ്.
രാജ്യ വ്യാപകമായ ജനസംഖ്യയുടെ 22 ശതമാനത്തോളം കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ട്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, മധ്യപ്രദേശ് (10 ശതമാനം), പശ്ചിമ ബംഗാള്‍ (11 ശതമാനം), രാജസ്ഥാന്‍ (12 ശതമാനം), ഉത്തര്‍പ്രദേശ് (19 ശതമാനം) എന്നിവ അവരുടെ ജനസംഖ്യാനുപാതികമായി ടെസ്റ്റിംഗില്‍ പിന്നിലാണ്. ഈ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ തോതില്‍ കുറവുണ്ടാകാനുള്ള സാധ്യതയാണ് ഇത് വ്യക്തമാക്കുന്നത്. ഇത് രോഗ വ്യാപനത്തെ സംബന്ധിച്ച പ്രവചനങ്ങളുടെ കൃത്യതയെയും ബാധിച്ചേക്കാം.
പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ ജൂലൈ അവസാനത്തോടെ മാത്രമേ രോഗ വ്യാപനം ഉച്ഛസ്ഥായിയില്‍ എത്താനിടയുള്ളൂവെന്നും സിഎല്‍എസ്എ പറഞ്ഞു. ഈ 16 സംസ്ഥാനങ്ങളില്‍ 13 എണ്ണം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാവസായിക-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിയന്ത്രണങ്ങളിലാണ്. ഇന്ത്യയുടെ ജിഡിപിയിലും ജനസംഖ്യയിലും ഈ സംസ്ഥാനങ്ങള്‍ 75-77 ശതമാനം സംഭാവന ചെയ്യുന്നു.
ജൂണ്‍ ആദ്യത്തോടു കൂടി മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ജിഡിപിയില്‍ മൊത്തം 75 ശതമാനത്തോളം സംഭാവന ചെയ്യുന്നത്രയും സംസ്ഥാനങ്ങളില്‍ ജൂലൈയിലോ ഓഗസ്റ്റിലോ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. തുടര്‍ന്ന് ഓഗസ്റ്റിലോ സെപ്റ്റംബറിലോ രാജ്യത്തിന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏറക്കുറേ സാധാരണ നിലയിലെത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.