കോവിഡ്-19 തൈറോയിഡ് ഗ്രന്ഥിയില്‍ അസാധാരണ അണുബാധയുണ്ടാക്കുമെന്ന് പഠനം
1 min readമറ്റ് വൈറസുകള്‍ മൂലം ഉണ്ടാകുന്ന തൈറോയിഡ് അണുബാധയില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും കോവിഡ്-19 മൂലമുള്ള അണുബാധ
കോവിഡ്-19 ചില രോഗികളില്‍ തൈറോയിഡ് അണുബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍. മിതമായി രോഗബാധ മുതല്‍ ഗുരുതരമായ രോഗബാധ വരെ റിപ്പോര്‍ട്ട് ചെയ്ത ചില രോഗികള്‍ക്കാണ് അസാധാരണ അണുബാധ അനുഭവപ്പെട്ടത്. മറ്റ് വൈറസുകള്‍ മൂലമുണ്ടാകുന്ന അണുബാധയില്‍ നിന്നും വ്യത്യസ്തമാണ് ഈ അണുബാധ. പഠനത്തില്‍ പങ്കെടുത്ത മൂന്നിലൊന്ന് ആളുകളും രോഗം ബാധിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും, തൈറോയിഡിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടും, അണുബാധയുടെ ലക്ഷണം കാണിച്ചതായി എന്‍ഡോ 2021ല്‍ അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇറ്റലിയില്‍ തീവ്ര പരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന 15 ശതമാനം കോവിഡ്-19 രോഗികള്‍ക്കും വിവിധ കാരണങ്ങള്‍ മൂലം തൈറോയിഡ് ഹോര്‍മോണിന്റെ നിലയില്‍ ഏറ്റക്കുറച്ചിലുകളും അണുബാധയും ഉണ്ടായിരുന്നതായി പഠനം പറയുന്നു. എന്നാല്‍ 2019ല്‍ ഇതേ മാസങ്ങളില്‍ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഒരു ശതമാനം രോഗികള്‍ക്ക് മാത്രമാണ് തൈറോയിഡ് ഹോര്‍മോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത്. മറ്റ് വൈറസുകള്‍ മൂലം തൈറോയിഡ് ഗ്രന്ഥിയ്ക്ക് അണുബാധ അഥവാ തൈറോയിഡിറ്റിസ് വന്ന ആളുകളില്‍ അധികം താമസിക്കാതെ തന്നെ തൈറോയിഡ് പ്രവര്‍ത്തനം സാധാരണ നിലയിലാകാറുണ്ട്. എന്നാല്‍, വൈറസ്ജന്യ പകര്‍ച്ചവ്യാധികളുടെ ദീര്‍ഘകാല പ്രത്യാഘാതമായോ, പ്രതിരോധ സംവിധാനം തൈറോയിഡ് ഗ്രന്ഥിയെ ആക്രമിക്കുക മൂലമോ ഉണ്ടാകുന്ന അണുബാധ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ സ്ഥായിയായ കുറവുണ്ടാക്കുമെന്ന് ഇറ്റലിയിലെ മിലന്‍ സര്‍വ്വകലാശായില്‍ നിന്നുള്ള ഗവേഷകയായ ഇലാരിയ മുള്ളര്‍ പറഞ്ഞു.
കോവിഡ്-19ന് കാരണമാകുന്ന SARS-CoV-2ന് തൈറോയിഡിറ്റിസുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിനായി മറ്റ് വൈറസുകള്‍ മൂലമുണ്ടാകുന്ന തൈറോയിഡ് അണുബാധ പരിശോധിക്കുന്ന അതേ രീതിയാണ് ഗവേഷകര്‍ അവലംബിച്ചത്. ചെറിയ തോതില്‍ മുതല്‍ ഗുരുതരമായി വരെ കോവിഡ്-19 ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ ഓരോ മൂന്ന് മാസം കൂടുമ്പോഴും പഠനസംഘം പരിശോധിച്ചു. തൈറോയിഡ് പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി രക്തപരിശോധനയും അള്‍ട്രാസൗണ്ട് പരിശോധനയുമാണ് രോഗികളില്‍ നടത്തിയത്.
സാധാരണയായി കണ്ടുവരുന്ന തൈറോയിഡിറ്റിസില്‍ നിന്നും പലതരത്തില്‍ വിഭിന്നമാണ് കോവിഡ്-19 ബാധിതരില്‍ കണ്ടെത്തിയ തൈറോയിഡിറ്റിസെന്ന് പഠനസംഘം കണ്ടെത്തി. തൊണ്ടവേദനയില്ലായ്മ, തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ ചെറിയ തോതിലുള്ള കുറവ്, പുരുഷന്മാരില്‍ ഈ അവസ്ഥ കൂടുതലായി കാണുക, ഗുരുതരമായി കോവിഡ്-19 ബാധിച്ചവരില്‍ കൂടുതലായി കാണുക എന്നിങ്ങനെ സാധാരണ തൈറോയിഡ് അണുബാധയില്‍ നിന്നും വളരെ വ്യത്യാസ്തമാണ് കോവിഡ്-19 മൂലമുള്ള തൈറോയിഡ് അണുബാധയെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.