ഹ്യുണ്ടായ് അല്‍ക്കസര്‍ വിപണി അവതരണം നീട്ടിവെച്ചു
മെയ് അവസാനമായിരിക്കും 7 സീറ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്
ന്യൂഡെല്‍ഹി: ഈ മാസമാദ്യമാണ് ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവി ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയത്. ഈയാഴ്ച്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ തീരുമാനം. എന്നാല്‍ കൊവിഡ് രണ്ടാം തരംഗ ഭീഷണി രാജ്യം നേരിടുന്ന സാഹചര്യത്തില്‍ മെയ് അവസാനമായിരിക്കും 7 സീറ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണി അവതരണം നീട്ടിവെച്ചു. 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭിക്കുന്ന എസ്‌യുവിയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. ഹ്യുണ്ടായ് ക്രെറ്റ അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍ നിര്‍മിച്ചിരിക്കുന്നത്.
159 എച്ച്പി കരുത്ത്, 192 എന്‍എം ടോര്‍ക്ക് പരമാവധി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, 115 എച്ച്പി കരുത്ത്, 250 എന്‍എം ടോര്‍ക്ക് പരമാവധി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. ഹ്യുണ്ടായ് ഇലാന്‍ട്ര, ടൂസോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നതാണ് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനെങ്കിലും കൂടുതല്‍ കരുത്ത്, വര്‍ധിത പെര്‍ഫോമന്‍സ് എന്നിവ ലഭിക്കുന്നതിനായി ട്യൂണ്‍ ചെയ്തിരിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ ഉപയോഗിക്കുന്നതാണ് 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് പവര്‍ട്രെയ്നുകളുടെയും സ്റ്റാന്‍ഡേഡ് കൂട്ട്. ഓപ്ഷണലായി 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കും.
ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ നീളം, വീതി എന്നിവ യഥാക്രമം 4,330 എംഎം, 1,790 എംഎം എന്നിങ്ങനെയാണ്. 2,760 മില്ലിമീറ്ററാണ് വീല്‍ബേസ്. ക്രെറ്റയേക്കാള്‍ 150 എംഎം കൂടുതല്‍. ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ എക്സ് ഷോറൂം വില 11 ലക്ഷം മുതല്‍ 19 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്നു. ഈയിടെ അവതരിപ്പിച്ച ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നിവയായിരിക്കും എതിരാളികള്‍.