November 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹഡില്‍ ഗ്ലോബല്‍-2024 നവംബര്‍ 28 ന് കോവളത്ത്

1 min read

തിരുവനന്തപുരം: എമര്‍ജിങ് ടെക്, ഡീപ്ടെക് മേഖലകളിലെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് ഹഡില്‍ ഗ്ലോബല്‍-2024 എക്സ്പോ വേദിയാകും. കോവളത്ത് നവംബര്‍ 28 മുതല്‍ 30 വരെയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) രാജ്യത്തെ എറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ കരുത്താര്‍ന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുന്നതിനും ബിസിനസ് വര്‍ധിപ്പിക്കുന്നതിനും ആഗോള ബന്ധം ദൃഢമാക്കുന്നതിനുമുള്ള വിപുലമായ സാധ്യതകള്‍ക്ക് വഴിയൊരുക്കുന്ന ഹഡില്‍ ഗ്ലോബല്‍-2024 കോവളത്തെ ഹോട്ടല്‍ റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭാവിയില്‍ പ്രയോജനപ്രദമാകുന്ന സാങ്കേതികവിദ്യയുടെ സാധ്യതകകളുടെ പ്രദര്‍ശനവേദിയായി ഹഡില്‍ ഗ്ലോബല്‍ മാറുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. വിജ്ഞാന സെഷനുകള്‍, ഡീപ്ടെക് സ്റ്റാര്‍ട്ടപ്പ് എക്സ്പോ, ഡീപ്ടെക് സ്റ്റുഡന്‍റ് ഇന്നൊവേഷന്‍സ് തുടങ്ങിയ പരിപാടികള്‍ ഡീപ്ടെക് സോണിന്‍റെ ഭാഗമായി നടക്കും. പ്രായോഗിക അനുഭവങ്ങളിലൂടെ സാങ്കേതികവിദ്യയുടെ ഭാവി സാധ്യതകള്‍ മനസിലാക്കുന്നതിന് പരിപാടി അവസരമൊരുക്കും. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിലൂടെ ഊര്‍ജ്ജസ്വലമായ ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതില്‍ കേരളം ആര്‍ജ്ജിച്ച നേട്ടങ്ങളും പങ്കുവയ്ക്കും. ഇത് വരുംകാല സാങ്കേതികവിദ്യയുടെ വികസനത്തിന് വഴിയൊരുക്കുകയും രാജ്യത്തിനാകമാനം മുതല്‍ക്കൂട്ടാകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊര്‍ജം, ആരോഗ്യസംരക്ഷണം, ഡിജിറ്റല്‍ മീഡിയയും വിനോദവും, ഭക്ഷണവും കൃഷിയും, സ്പേസ് തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങള്‍ എമര്‍ജിംഗ് ടെക്നോളജി സോണില്‍ പ്രദര്‍ശിപ്പിക്കും. ‘ഐഎസ്ആര്‍ഒയുടെ കാഴ്ചപ്പാടും ഇന്ത്യയുടെ സ്പേസ് ടെക് കമ്പനികളുടെ വളര്‍ച്ചയും’ എന്ന വിഷയത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് മുഖ്യപ്രഭാഷണം നടത്തും. ഗവേഷണ വികസന സ്ഥാപനങ്ങള്‍, വ്യവസായ പ്രമുഖര്‍, ബഹിരാകാശ സാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള റൗണ്ട് ടേബിള്‍ ചര്‍ച്ചയും ഉണ്ടാകും. ഓട്ടോണമസ് വെഹിക്കിള്‍സ്, ഗ്രീന്‍ ഹൈഡ്രജന്‍, ക്വാണ്ടം ടെക്നോളജീസ് തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വിവിധ സെഷനുകളിലായി നടക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് – സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐസിഎആര്‍-സിടിസിആര്‍ഐ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍ഐഇഎല്‍ഐടി), സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്ആര്‍ഐ), നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ (കെഎസ്സിഎസ്ടിഇ-എന്‍എടിപിഎസി), ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐഐഎസ്ഇആര്‍), കെ-സ്പേസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി തുടങ്ങിയ സ്ഥാപനങ്ങളും സമ്മേളനത്തില്‍ പങ്കാളികളാണ്. ഹഡില്‍ ഗ്ലോബല്‍ ആറാം പതിപ്പില്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരെ ഒരേ വേദിയിലെത്തിക്കാനും ചര്‍ച്ചകളിലൂടെ ബിസിനസ് പങ്കാളിത്തം സ്ഥാപിക്കാനും അവസരമൊരുക്കും. ദേശീയ, ആഗോള റേറ്റിംഗുകളില്‍ അതിവേഗത്തില്‍ വളരുന്ന ആവാസവ്യവസ്ഥയായ കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മുന്നേറ്റം സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഹഡില്‍ ഗ്ലോബല്‍ 2024 ന്‍റെ പ്രധാന ലക്ഷ്യം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ക്ക് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ചെയ്യുന്നതിനായി ഹഡില്‍ ഗ്ലോബലില്‍ പ്ലാറ്റ് ഫോം സജ്ജമാക്കും. ചെലവ് കുറയ്ക്കുന്നതിനൊപ്പം ബിസിനസ് വര്‍ധിപ്പിക്കാനും ചെറുകിട സംരംഭകര്‍ക്ക് ഇതിലൂടെ സാധിക്കും. ഹഡില്‍ ഗ്ലോബലിന്‍റെ മുന്‍ പതിപ്പുകള്‍ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കെഎസ് യുഎം 2018 മുതല്‍ ഹഡില്‍ ഗ്ലോബല്‍ സംഘടിപ്പിച്ചു വരുന്നു.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്
Maintained By : Studio3