വണ്ണം കുറയ്ക്കാന്‍ മാത്രമല്ല; ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ഉപവാസം
1 min readഭാരം കുറയ്ക്കുന്നത് മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് വരെ ഉപവാസം മൂലം ആരോഗ്യത്തിന് പല ഗുണങ്ങളുണ്ട്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല രീതിയിലുള്ള ഉപവാസങ്ങള്‍ക്ക് സമൂഹത്തില്‍ വളരെ പ്രചാരം ലഭിക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ശാരീരികവും മാനസികവും മതപരവുമായ കാരണങ്ങളാല്‍ ആളുകള്‍ അനുഷ്ഠിച്ച് പോന്നിരുന്ന ഒന്നാണ് ഉപവാസം. നിശ്ചിതസമയത്തേക്ക് ചില അല്ലെങ്കില്‍ എല്ലാ ഭക്ഷണസാധനങ്ങളും പാനീയങ്ങളും വേണ്ടെന്ന് വെക്കുന്നതിനെയാണ് ഉപവാസമെന്ന് പറയുന്നത്. പല തരത്തിലുള്ള ഉപവാസങ്ങള്‍ ഉണ്ട്. സാധാരണയായി പരമാവധി 24-72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉപവാസങ്ങളാണ് ആളുകള്‍ അനുഷ്ഠിക്കാറ്. അതേസമയം ഇിന്റെര്‍മിറ്റന്റ് ഫാസറ്റിംഗ് പോലുള്ള ഉപവാസ രീതികള്‍ നിശ്ചിത ഇടവേളകളിലുള്ള ഉപവാസ- ഭക്ഷണ ക്രമീകരണമാണ്.
ഭാരം കുറയ്ക്കുന്നത് മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് വരെ ഉപവാസം മൂലം ആരോഗ്യത്തിന് പല ഗുണങ്ങളുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഉപവാസം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രമേഹം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഉപവാസത്തിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താം. ഇന്‍സുലിന്‍ പ്രതിരോധം കുറച്ചാണ് ഉപവാസം മൂലം പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നത്. ഇന്റെര്‍മിറ്റന്റ് ഫാസ്റ്റിംഗോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ ഉപവാസമോ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഏറെ സഹായകമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഇത് വ്യത്യസ്തരീതിയിലുള്ള ഫലങ്ങളാണ് ഉണ്ടാക്കുന്നത്.
ആരോഗ്യം മെച്ചപ്പെടുത്തുന്നു
രോഗങ്ങള്‍ക്കെതിരെ പോരാടുന്ന ശരീരത്തിലെ സാധാരണ പ്രതിരോധ പ്രക്രിയയാണ് അക്യൂട്ട് ഇന്‍ഫ്‌ളമേഷന്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ ഹൃദ്രോഗം, കാന്‍സര്‍, വാതരോഗങ്ങള്‍ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ക്രോണിക് ഇന്‍ഫ്‌ളമേഷന്‍ എന്ന പ്രക്രിയയും ശരീരത്തില്‍ നടക്കാറുണ്ട്. ഉപവാസത്തിലൂടെ ക്രോണിക് ഇന്‍ഫ്‌ളമേഷന്റെ അളവ് കുറയ്ക്കാമെന്നും അങ്ങനെ ആരോഗ്യം മെച്ചപ്പെടുത്താമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ലോകത്ത് ഏറ്റവുമധികം മരണകാരണമാകുന്ന രോഗമാണ് ഹൃദ്രോഗം. ലോകത്ത് നടക്കുന്ന ഏതാണ്ട് 31.5 ശതമാനം മരണങ്ങള്‍ക്കും കാരണം ഹൃദ്രോഗമാണെന്നാണ് പറയപ്പെടുന്നത്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ആരോഗ്യകരമായ വ്യത്യാസങ്ങള്‍ വരുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്്ക്കും. ഇതിനൊപ്പം ഉപവാസം കൂടി ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പല വിധത്തിലുള്ള ഉപവാസങ്ങളിലൂടെ രക്തസമ്മര്‍ദ്ദവും രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെയും കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കാമെന്നും കൊറോണറി ഹാര്‍ട്ട് ഡിസീസ് സാധ്യത കുറയ്ക്കാമെന്നും വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
തലച്ചോറിന്റെ ആരോഗ്യത്തിലും ഉപവാസം വലിയ പങ്ക് വഹിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപവാസത്തിലൂടെ നാഡീകോശങ്ങളുടെ ഉല്‍പ്പാദനം ത്വരിതപ്പെടുമെന്നും അവബോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുമെന്നുമാണ് പറയപ്പെടുന്നത്. മാത്രമല്ല, ന്യൂറോഡിജനറേറ്റീവ് ഡിസോഡറുകള്‍ ഉണ്ടാകുന്നത് തടയാനും അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും ഉപവസിക്കുന്നത് നല്ലതാണ്.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
പ്രധാനമായും ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്കവരും പലതരം ഉപവാസങ്ങള്‍ അനുഷ്ഠിക്കുന്നത്. ചില ഭക്ഷണങ്ങളും പാനീയങ്ങളും വേണ്ടെന്ന് വെക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് ഗണ്യമായി കുറയുന്നു. ഇത് ശരീരഭാരം കുറയാനും കാരണമാകുന്നു. ഹസ്വകാല ഉപവാസ രീതികളിലൂടെ ശരീരത്തിലെ ന്യൂറോട്രാന്‍സ്മിറ്ററായ നോറിപിനെഫ്രീന്റെ അളവ് വര്‍ധിക്കുകയും ഇതിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. ദിവസം മുഴുവന്‍ ഉപവസിക്കുന്നതിലൂടെ ശരീരഭാരം 9 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും 12-24 ആഴ്ചകളില്‍ ശരീരത്തിലെ കൊഴുപ്പ് ഗണ്യമായി കുറയുമെന്നും പഠനങ്ങള്‍ പറയുന്നു. കലോറി കുറച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഉപവസിക്കുന്നതാണ് കൂടുതല്‍ കാര്യക്ഷമമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇവ കൂടാതെ ശരീര വളര്‍ച്ചയ്ക്കും ശരീരത്തിനുള്ളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ശരീരഭാരം കുറയ്ക്കുന്നതിനും പേശീബലം വര്‍ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമായ എച്ച്ജിഎച്ചിന്റെ (ഹ്യൂമണ്‍ ഗ്രോത്ത് ഹോര്‍മോണ്‍) അളവ് വര്‍ധിപ്പിക്കാനും ആയുസ്സ് വര്‍ധിപ്പിക്കാനും ട്യൂമര്‍ വളര്‍ച്ച തടഞ്ഞും കീമോതെറാപ്പിയുടെ ഫലപ്രാപ്തി വര്‍ധിപ്പിച്ചും കാന്‍സറിനെ പ്രതിരോധിക്കാനും ഉപവാസത്തിലൂടെ സാധിക്കും.