ഒറ്റദിവസം മരണം 4,329; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്
1 min readപുതിയ രോഗികള്‍ 2,63,533, ഇരുപത്തിയാറ് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ രോഗനിരക്ക്
ന്യൂഡെല്‍ഹി: ചൊവ്വാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 4,329 കോവിഡ് മരണങ്ങള്‍. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. അതേസമയം പുതിയ കേസുകളില്‍ കാര്യമായ കുറവുണ്ടായെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസജനകമായ വാര്‍ത്തയാണ്. ചൊവ്വാഴ്ച 2,63,533 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിയാറ് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കാണിത്.
തിങ്കളാഴ്ചയും മൂന്ന് ലക്ഷത്തില്‍ താഴെ പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഏപ്രില്‍ 21ന് ശേഷം ആദ്യമാണ് രാജ്യത്തെ കോവിഡ് രോഗ നിരക്ക് മൂന്ന് ലക്ഷത്തില്‍ കുറയുന്നത്. മേയ് ഏഴിനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് – 4,14,188. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ പ്രതിദിന മരണം റിപ്പോര്‍ട്ട് ചെയ്തത് മേയ് 12നാണ്. അന്ന് 4,205 പേരാണ് രോഗം പേരാണ് രോഗം ബാധിച്ച് മരിച്ചത്.
മരണ നിരക്കില്‍ ഇപ്പോഴും മഹാരാഷ്ട്ര തന്നെയാണ് മുന്നിലെങ്കിലും രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ആഴ്ച കര്‍ണ്ണാടക മഹാരാഷ്ട്രയെ പിന്നിലാക്കി.
ഇതുവരെ 2.52,28,996 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ്-19 പിടിപെട്ടത്. നിലവില്‍ 33,53,765 സജീവരോഗികള്‍ രാജ്യത്തുണ്ട്. രോഗം ബാധിച്ച് ഇതുവരെ 2,78,719 പേര്‍ മരണമടഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ചൊവ്വാഴ്ച 4,22,436 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ രാജ്യത്ത് 2,15,96,512 പേരാണ് കോവിഡ്-19 മുക്തരായത്.
അതേസമയം 18,44,53,149 ഇന്ത്യക്കാര്‍ ഇതുവരെ കോവിഡ്-19നെതിരായ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.