വായു ശുദ്ധീകരിക്കുന്ന സീലിംഗ് ഫാനുമായി ഹാവെല്‍സ്
‘സ്റ്റെല്‍ത്ത് പ്യുറോ എയര്‍’ എന്ന സീലിംഗ് ഫാനാണ് അവതരിപ്പിച്ചത്. 15,000 രൂപയാണ് വില
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇതാദ്യമായി ഹാവെല്‍സ് മൂന്ന് ഘട്ടങ്ങളിലായി വായു ശുദ്ധീകരിക്കുന്ന സീലിംഗ് ഫാന്‍ അവതരിപ്പിച്ചു. മണിക്കൂറില്‍ ഏകദേശം 130 ഘന മീറ്റര്‍ സിഎഡിആര്‍ (ക്ലീന്‍ എയര്‍ ഡെലിവറി റേറ്റ്) നല്‍കുന്ന ‘സ്റ്റെല്‍ത്ത് പ്യുറോ എയര്‍’ എന്ന സീലിംഗ് ഫാനാണ് അവതരിപ്പിച്ചത്. 15,000 രൂപയാണ് വില. ഈ വ്യവസായത്തില്‍ ഇതാദ്യമായാണ് വായു ശുദ്ധീകരിക്കുന്ന സീലിംഗ് ഫാന്‍ വിപണിയില്‍ എത്തുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. പിഎം2.5, പിഎം 10 കണികകളെ മൂന്ന് ഘട്ടങ്ങളിലായി ചെറുക്കുന്ന എയര്‍ പ്യുരിഫൈര്‍, വിഒസി ഫില്‍ട്രേഷന്‍ എന്നിവ ലഭിച്ചതാണ് ഹാവെല്‍സിന്റെ പുതിയ ഉല്‍പ്പന്നം. ഉപയോക്താക്കള്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് പുതിയ ഫാന്‍ സഹായിക്കുമെന്ന് ഹാവെല്‍സ് ഇന്ത്യ പ്രസ്താവിച്ചു.
വായു ചലിപ്പിക്കുന്നതിനായി കറങ്ങുക മാത്രമല്ല, അതേസമയം അതിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ് സ്റ്റെല്‍ത്ത് പ്യുറോ എയര്‍. എച്ച്ഇപിഎ ഫില്‍റ്റര്‍, ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ആന്‍ഡ് പ്രീ ഫില്‍റ്റര്‍ എന്നിവ വായുവിലെ ഹാനികരമായ ഘടകങ്ങള്‍ വലിച്ചെടുക്കുകയും ശുദ്ധവായു നല്‍കുകയും ചെയ്യുന്നു. റിമോട്ട് കണ്‍ട്രോള്‍ സൗകര്യം, അണ്ടര്‍ലൈറ്റ്, എല്‍ഇഡി എയര്‍ പ്യൂരിറ്റി ഇന്‍ഡിക്കേറ്റര്‍ എന്നിവ സീലിംഗ് ഫാനിലെ മറ്റ് ഫീച്ചറുകളാണ്. നല്ല കാറ്റും ശബ്ദരഹിതമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിന് എയ്‌റോഡൈനാമിക് ബ്ലേഡുകളാണ് നല്‍കിയിരിക്കുന്നത്.
ഇതോടൊപ്പം, ഹാവെല്‍സ് ഫാന്‍മേറ്റ് എന്ന പേരില്‍ കാര്‍ബണ്‍ ഫില്‍റ്റര്‍ സവിശേഷതയോടെ പേഴ്‌സണല്‍ ലൈഫ്‌സ്‌റ്റൈല്‍ ഫാന്‍ കൂടി കമ്പനി പുറത്തിറക്കി. ദുര്‍ഗന്ധം അകറ്റാനും കാര്‍ബണ്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് വായു ശുദ്ധീകരിക്കാനും ഈ ഫാനിന് കഴിയും. ആവശ്യാനുസരണം വായുവിന്റെ ദിശ മാറ്റാന്‍ അനുവദിക്കുന്ന എയര്‍ വെന്റ് സവിശേഷതയാണ്. ഏകദേശം 3 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് ഉപയോഗിച്ച് ഫാന്‍ പ്രവര്‍ത്തിപ്പിക്കാം. ലാപ്‌ടോപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന യുഎസ്ബി കേബിള്‍ അല്ലെങ്കില്‍ മൊബീല്‍ ചാര്‍ജര്‍ വഴി ചാര്‍ജ് ചെയ്യാന്‍ കഴിയും. പ്രവര്‍ത്തിപ്പിക്കുന്നതിന് ടച്ച് പാഡ് കൂടി നല്‍കി.