ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദയും പ്രതിപക്ഷ പാര്‍ട്ടി നേതാവ് പരേഷ് ധനാനിയും രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം അവരുടെ രാജി സ്വീകരിച്ചു. എന്നിരുന്നാലും, പാര്‍ട്ടിക്ക് പകരക്കാരനെ കണ്ടെത്തുന്നതുവരെ രണ്ടുപേരും തല്‍സ്ഥാനത്ത് തുടരും. മാര്‍ച്ച് 2 ന് നടന്ന ഗുജറാത്തിലെ താലൂക്ക്, ജില്ലാ, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അതിന്‍റെ മോശം പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 356 സീറ്റുകളും പഞ്ചായത്ത് തലത്തില്‍ 157 സീറ്റുകളും മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണെന്ന് മാധ്യമങ്ങളോട് സംസാരിച്ച അമിത് ചാവ്ദ പറഞ്ഞു. തങ്ങള്‍ ജനവികാരം മാനിക്കുന്നതായും പാര്‍ട്ടി പ്രസിഡന്‍റ് എന്ന നിലയില്‍ തോല്‍വി അംഗീകരിക്കുന്നതായും അദ്ദേഹം പറഢഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ചാവ്ദ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന 8 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തോല്‍വി നേരിട്ടതിനെത്തുടര്‍ന്ന് ഇരു നേതാക്കളുടെയും രാജി അന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട്ട്, ഭാവ് നഗര്‍, ജാംനഗര്‍ എന്നിവിടങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തി, നഗരപ്രദേശങ്ങളില്‍ തങ്ങളുടെ ആധിപത്യം തെളിയിച്ചു. ആറ് സിവില്‍ ബോഡികളിലായി മൊത്തം 576 സീറ്റുകളില്‍ 483 സീറ്റുകള്‍ നേടി ബിജെപി പ്രകടനം മെച്ചപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 389 സീറ്റുകള്‍ അവര്‍ കൂടുതല്‍ നേടി.