മെയ് 2023: മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം 1,57,090 കോടി
ന്യൂ ഡൽഹി: മെയ് 2023ൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) 1,57,090 കോടിയാണ്. അതിൽ 28,411 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), 35,828 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), 81,363 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ 41,772 കോടി ഉൾപ്പെടെ), 11,489 കോടി അധിക നികുതിയും (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ 1,057 കോടി ഉൾപ്പെടെ) ആണ്.
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തിൽ നിന്ന് 35,369 കോടി CGST-യിലേക്കും 29,769 കോടി SGST-യിലേക്കും ഗവണ്മെന്റ് വകകൊള്ളിച്ചു. വ്യവസ്ഥിതമായ സെറ്റിൽമെന്റിന് ശേഷം 2023 മെയ് മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടി 63,780 കോടിയും എസ്ജിഎസ്ടി 65,597 കോടിയുമാണ്. 2023 മെയ് മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ GST വരുമാനത്തേക്കാൾ 12% കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 12% കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 11% കൂടുതലാണ്.