ജിഎസ്ടി കൗണ്‍സില്‍ : ശേഷി അടിസ്ഥാനമാക്കിയുള്ള നികുതി ചുമത്തല്‍ പരിശോധിക്കാന്‍ മന്ത്രിതലസമിതി
1 min readകേരളത്തിന്‍റെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പടെ 7 അംഗങ്ങളാണ് സമിതിയില്‍ ഉള്ളത്
ന്യൂഡെല്‍ഹി: ഉല്‍പാദന യൂണിറ്റുകളുടെ ശേഷി അടിസ്ഥാനമാക്കി ചരക്കു സേവന നികുതി (ജിഎസ്ടി) ചുമത്തുന്നത് പരിശോധിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. നികുതിയില്‍ നിന്ന് രക്ഷപെടാന്‍ സാധ്യത കൂടുതലുള്ളതായി കണക്കാക്കപ്പെടുന്ന മേഖലകള്‍ക്കായി, നിലവിലെ നിയമ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി പ്രത്യേക കോമ്പോസിഷന്‍ സ്കീമുകള്‍ അവതരിപ്പിക്കുന്നതും സമിതി പരിശോധിക്കും.
അത്തരം മാറ്റങ്ങളുടെ നിയമപരമായ സാധുത പരിശോധിക്കുക, നിലവിലെ ജിഎസ്ടി രൂപകല്‍പ്പനയില്‍ അത് സൃഷ്ടിക്കുന്ന സ്വാധീനം വിലയിരുത്തുക തുടങ്ങി അഞ്ച് റഫറന്‍സ് പോയിന്‍റുകളും മന്ത്രിതല സമിതിക്ക് മുന്നിലുണ്ട്. പാന്‍ മസാല, ഗുട്ട്ക, ഇഷ്ടിക ചൂള, മണല്‍ ഖനനം തുടങ്ങി ഒരു ഡസനോളം ഉല്‍പ്പന്ന വിഭാഗങ്ങളെ നികുതിയില്‍ നിന്നുള്ള രക്ഷപെടാന്‍ സാധ്യത കൂടിയവയായി വിഭാഗികരിച്ചിട്ടുണ്ട്. ഈ മേഖലകളിലെ നികുതി ചോര്‍ച്ച പരിഹരിക്കുന്നതിന് മറ്റേതെങ്കിലും അഡ്മിനിസ്ട്രേറ്റീവ് സംവിധാനം ആവശ്യമാണോ എന്നും സമിതി പരിശോധിക്കും.
മീഥാ ഓയിലില്‍ ചുമത്തുന്ന റിവേഴ്സ് ചാര്‍ജിന്‍റെ സ്വാധീനവും വിലയിരുത്തും.
ഒഡീഷ ധനമന്ത്രി നിരഞ്ജന്‍ പൂജാരിയുടെ നേതൃത്വത്തിലുള്ള ഏഴ് അംഗ സമിതി ആറ് മാസത്തിനുള്ളില്‍ ജിഎസ്ടി കൗണ്‍സിലിന് ശുപാര്‍ശകള്‍ നല്‍കേണ്ടിവരും. ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, ഹരിയാന ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാല, കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, മധ്യപ്രദേശ് ധനമന്ത്രി ജഗദീഷ് ദേവദ, യുപി ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന, ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുബോദ് യൂനിയാല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ സമിതി ഇക്കാര്യത്തില്‍ മന്ത്രിതല സമിതിയെ സഹായിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സ് ആന്‍ഡ് കസ്റ്റംസിലെ ജോയിന്‍റ് സെക്രട്ടറി ആണ് സെക്രട്ടറി തല സഹായങ്ങള്‍ നല്‍കുക.
7 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെയാണ് യോഗം ചേര്‍ന്നത്. കേരളം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാരുകള്‍ നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ യോഗം കൂടിയായിരുന്നു ഇത്.