വാക്‌സിന്‍ പാസ്‌പോര്‍ട്ട് വിവാദം, സമ്മര്‍ദ്ദം ഫലം കണ്ടു; യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കോവിഷീല്‍ഡിനെ അംഗീകരിച്ച് തുടങ്ങി
1 min readകോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു
ന്യൂഡെല്‍ഹി: ഇന്ത്യയുടെ സമ്മര്‍ദ്ദം ഒടുവില്‍ ഫലം കണ്ടു. ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്-19 വാക്‌സിനായ കോവിഷീല്‍ഡിന് അംഗീകാരം നല്‍കാന്‍ ഒമ്പത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ പാസ്‌പോര്‍ട്ട്, അഥവാ ഗ്രീന്‍ പാസില്‍ ഇന്ത്യന്‍ വാക്്‌സിനുകളായ കോവിഷീല്‍ഡിനും കോവാക്‌സിനും ഇടം നല്‍കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന് പിന്നാലെയാണ് കോവിഷീല്‍ഡിനെ അംഗീകരിക്കാന്‍ നിരവധി രാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.
ഓസ്ട്രിയ, ജര്‍മ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലന്‍ഡ്, അയര്‍ലന്‍ഡ്, സ്‌പെയിന്‍, എസ്‌തോണിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് നിലവില്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളും വൈകാതെ തന്നെ കോവിഷീല്‍ഡിന് അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്.
യൂറോപ്യന്‍ യൂണിയന്റെ പുതിയ ഗ്രീന്‍ പാസ് സ്‌കീം അനുസരിച്ച് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി(ഇഎംഎ) അംഗീകരിച്ച, ഫൈസര്‍ ബയോടെക്കിന്റെ കോമിര്‍നറ്റി, മൊഡേണയുടെ കോവിഡ് വാക്‌സിന്‍, അസ്ട്രസെനകയുടെ യൂറോപ്യന്‍ പതിപ്പായ വാക്‌സ്‌സെര്‍വിറ,ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ജന്‍സെന്‍ എന്നീ കോവിഡ്-19 വാക്‌സിനുകള്‍ക്ക് മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഈ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് മാത്രമേ യൂറോപ്പില്‍ ക്വാറന്റീന്‍ അടക്കം വിലക്കുകളില്ലാത്ത സഞ്ചാരത്തിന് സാധിക്കുകയുള്ളു.അസ്ട്രാസെനകയു
എന്നാല്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ ഇന്ത്യന്‍ വാക്‌സിനുകള്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ടില്‍ ഇടം നല്‍കാത്ത പക്ഷം സമാന്തരമായ നയം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കുമെതിരെയും സ്വീകരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിയിരുന്നു. ഇന്ത്യന്‍ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് വാക്‌സിനെടുത്തവരും ഇന്ത്യയില്‍ എത്തിയാല്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടി വരുമെന്നായിരുന്നു ഇന്ത്യയുടെ താക്കീത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യൂറോപ്യന്‍ യൂണിയനിലെ ഉന്നത പ്രതിനിധിയായ ജോസഫ് ബോറെല്‍ ഫോണ്ടെല്‍സുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. ഇഎംഎ അംഗീകരിച്ച വാക്‌സിനുകള്‍ എടുക്കാത്ത ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഉണ്ടാകാനിടയുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രശ്‌നം ബോറെല്‍ ഫോണ്ടെല്‍സുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യയില്‍ നിന്നും കോവിഡ്-19 വാക്‌സിനുകള്‍ (കോവിഷീല്‍ഡും കോവാക്‌സിനും) എടുത്തവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഇളവുകള്‍ നീട്ടാനും കോവിന്‍ പോര്‍ട്ടലിലൂടെ ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാനും യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ സ്രോതസ്സുകളും വെളിപ്പെടുത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യയും സമാനമായ നിലപാട് സ്വീകരിക്കുമെന്ന താക്കീതും ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ക്ക് നല്‍കിയതായി സ്രോതസ്സുകള്‍ വ്യക്തമാക്കി. അതായത് യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായുള്ള 27 രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ വാക്‌സിനുകള്‍ എടുത്ത യാത്രികര്‍ക്ക് ഇളവുകള്‍ നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവുകള്‍ അനുവദിക്കുകയുള്ളു.
എന്നാല്‍ ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞത്. കോവിഡ് പാസ്‌പോര്‍ട്ടില്‍ വിവേചനപരമായ നിലപാട് സ്വീകരിച്ചെട്ടില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വിശദീകരിച്ചു. പക്ഷേ ഇന്ത്യന്‍ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കാത്ത പക്ഷം കടുത്ത നടപടിയുണ്ടാകുമെന്ന ഉറച്ച നിലപാടിലായിരുന്നു ഇന്ത്യ. വിഷയത്തില്‍ ആഫ്രിക്കന്‍ യൂണിയനും യൂറോപ്യന്‍ യൂണിയനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും, കോവാക്‌സ് പദ്ധതിയിലൂടെ കോവിഷീല്‍ഡ് വാക്‌സിന്‍ ലഭിച്ച വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമെതിരെ വിവേചനപരമായ നിലപാടാണ് ഗ്രീന്‍ പാസ് നയത്തില്‍ സ്വീകരിച്ചതെന്ന് യൂറോപ്യന്‍ യൂണിയന് അയച്ച കത്തില്‍ ആഫ്രിക്കന്‍ യൂണിയന്‍ ആരോപിച്ചു.
ആഴ്ചകള്‍ക്കുള്ളില്‍ യൂറോപ്യന്‍ മരുന്ന് നിയന്ത്രക ഏജന്‍സികള്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കുമെന്നാണ് കരുതുന്നതെന്ന് പൂണൈയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്തയുടെ മേധാവി അദാര്‍ പൂനൈവാല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യമായ അനുമതികള്‍ക്ക് ഇഎംഎയില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ ലഭിച്ചയുടന്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വിശദീകരണത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ആരോപിച്ചിരുന്നു. പക്ഷേ അസ്ട്രാസെനക മുഖേനയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകാരത്തിനായി അപേക്ഷിച്ചതെന്ന് പൂനാവാല ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ വ്യക്തമാക്കി.
അതേസമയം അപേക്ഷകള്‍ സമര്‍പ്പിക്കാതെ തന്നെ കോവിന്‍ നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച് ഇഎംഎ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകള്‍ നിര്‍ബന്ധമായും അംഗീകരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. കോവിഷീല്‍ഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉള്ളതുകൊണ്ട് തന്നെ ഇന്ത്യയുടെ ആവശ്യം തികച്ചും ന്യായമാണ്. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം നടന്ന ജി7 രാഷ്ട്രങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ എതിര്‍ത്ത്ിരുന്നു. പകര്‍ച്ചവ്യാധിയുടെ ഈ ഘട്ടത്തില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തില്‍ ഇന്ത്യയുടെ ആശങ്കയും കടുത്ത എതിര്‍പ്പും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ്‌വര്‍ദ്ധന്‍ അന്ന് വ്യക്തമാക്കിയിരുന്നു.