ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ മാപ്‌സിന് ഡാര്‍ക്ക് തീം
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 10.61.2 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം
സാന്‍ ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ മാപ്‌സ് ആന്‍ഡ്രോയ്ഡ് ആപ്പിന് ഒടുവില്‍ ഡാര്‍ക്ക് തീം ലഭിച്ചു. ലോകമെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ട്വീറ്റ് ചെയ്താണ് ഗൂഗിള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഗൂഗിള്‍ മാപ്‌സിനായി ഡാര്‍ക്ക് മോഡ് പരീക്ഷിച്ചുവരികയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. യൂസര്‍മാരുടെ കണ്ണുകള്‍ക്ക് ആശ്വാസം ലഭിക്കുന്നതോടൊപ്പം ബാറ്ററി ചാര്‍ജ് സംരക്ഷിക്കുന്നതിനും ഈ നൈറ്റ് മോഡ് സഹായിക്കും.
ഡാര്‍ക്ക് തീമിലേക്ക് മാറുന്നതിന്, ഗൂഗിള്‍ മാപ്‌സിന്റെ മുകളിലെ വലതുമൂലയിലെ നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുകയാണ് വേണ്ടത്. ഇതേതുടര്‍ന്ന് തീം സെറ്റിംഗ്‌സ് നോക്കി ഡാര്‍ക്ക് തീം ആക്റ്റിവേറ്റ് ചെയ്യണം. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 10.61.2 എന്ന ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെങ്കില്‍ മാത്രമേ ഡാര്‍ക്ക് തീം ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയൂ.
മറ്റൊരു വാര്‍ത്തയായി, മാപ്പ് എഡിറ്റിംഗ് പരിഷ്‌കരിക്കുകയാണ് ടെക് ഭീമനായ ഗൂഗിള്‍. മാപ്പില്‍ കാണാത്ത റോഡുകള്‍ ചേര്‍ക്കുന്നതിനും വിഭിന്ന ദിശകള്‍ കാണിക്കുന്നതിനും പുനര്‍നാമകരണം ചെയ്യുന്നതിനും തെറ്റായ റോഡുകള്‍ ഡിലീറ്റ് ചെയ്യുന്നതിനും ഇനി ഗൂഗിള്‍ മാപ്സ് ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. പുതിയ എഡിറ്റിംഗ് അനുഭവത്തെ ‘ഡ്രോയിംഗ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് പെയിന്റിലെ ലൈന്‍ ടൂള്‍ ഉപയോഗിക്കുന്നതിന് സമാനമാണിത്. വരും മാസങ്ങളില്‍ എണ്‍പതിലധികം രാജ്യങ്ങളില്‍ പുതിയ ടൂള്‍ അവതരിപ്പിക്കും.
മാപ്സ് ഉപയോക്താക്കളുടെ തിരുത്തലുകള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിന് ഗൂഗിള്‍ തീര്‍ച്ചയായും പരിശോധന നടത്തും. കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ഗൂഗിളിന് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഗൂഗിള്‍ ഒരു സ്‌ക്രീന്‍ ഡിസ്പ്ലേ ചെയ്യും. ഒരു ബൈക്കിന് കടന്നുപോകാവുന്ന വഴി പാതയാണെന്ന് സമര്‍പ്പിക്കരുതെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കും. മറ്റുള്ളവരെ ദ്രോഹിക്കുന്നതിന് ഇല്ലാത്ത റോഡ് ഉണ്ടെന്ന് രേഖപ്പെടുത്തുകയും അരുത്. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഗൂഗിള്‍ ഏഴ് ദിവസം വരെ എടുത്തേക്കാമെന്ന് ഇതേ സ്‌ക്രീനില്‍ അറിയിക്കും.