ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ മാപ്‌സ് കോംപസ് തിരികെയെത്തുന്നു
1 min readവിശ്വാസ്യതാ പ്രശ്‌നങ്ങള്‍ കാരണം 2019 ല്‍ നീക്കം ചെയ്ത ഫീച്ചറാണ് തിരികെയെത്തുന്നത്
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി കോംപസ് ഫീച്ചര്‍ വീണ്ടും അവതരിപ്പിക്കുകയാണ് ഗൂഗിള്‍ മാപ്‌സ്. വിശ്വാസ്യതാ പ്രശ്‌നങ്ങള്‍ കാരണം 2019 ല്‍ നീക്കം ചെയ്ത ഫീച്ചറാണ് തിരികെയെത്തുന്നത്. ഉപയോക്താക്കളുടെ നിരന്തര ആവശ്യങ്ങളെതുടര്‍ന്നാണ് ഈ തിരിച്ചുവരവ്. ഐഒഎസ് ഉപയോക്താക്കള്‍ക്കായി കോംപസ് ഫീച്ചര്‍ നിലനിര്‍ത്തിയിരുന്നു. രണ്ട് വിധത്തില്‍ കോംപസ് ഉപയോഗിക്കാന്‍ കഴിയും. സാധാരണ കോംപസ് അല്ലെങ്കില്‍ എല്ലായ്‌പ്പോഴും വടക്കോട്ട് നോക്കിയിരിക്കുന്ന വിധം. കോംപസ് വീണ്ടും അവതരിപ്പിക്കുന്നതുകൂടാതെ, മാപ്‌സിനായി നിരവധി പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ ഈയിടെ പ്രഖ്യാപിച്ചു.
ഗൂഗിള്‍ മാപ്‌സ് ആപ്പിനകത്ത് വിജറ്റ് എന്ന നിലയിലാണ് കോംപസ് തിരികെ വരുന്നത്. മാപ്‌സ് യൂസര്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീനിന്റെ വലതുഭാഗത്ത് കോംപസ് ദൃശ്യമാകും. ഫോണ്‍ ഏതു ദിശയില്‍ തിരിച്ചാലും ചുവന്ന അമ്പടയാളം എല്ലായ്‌പ്പോഴും വടക്കോട്ട് നോക്കിയിരിക്കും. കോംപസ് ഫീച്ചര്‍ ലഭിക്കുന്നതിന് ഗൂഗിള്‍ മാപ്‌സ് 10.62 വേര്‍ഷനോ അതിനുമുകളിലോ ഉപയോഗിക്കേണ്ടിവരും.
മാപ്‌സില്‍ ചില പുതിയ ഫീച്ചറുകളും അവതരിപ്പിക്കുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ എആര്‍ നാവിഗേഷനാണ് ഒരു ഫീച്ചര്‍. വിമാനത്താവളങ്ങള്‍, മാളുകള്‍, ട്രാന്‍സിറ്റ് സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഇന്‍ഡോര്‍ കാഴ്ച്ചകള്‍ക്കായി ‘മാപ്‌സ് ലൈവ് വ്യൂ’ ഉപയോഗിക്കാന്‍ കഴിയും. ഒരു സ്ഥലത്തെ കാലാവസ്ഥയും വായുവിന്റെ ഗുണനിലവാരവും സംബന്ധിച്ച വിവരങ്ങള്‍ അതിവേഗം കാണുന്നതിന് സാധിക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് പലചരക്ക് കടകള്‍ ഓണ്‍ലൈനായി കാണുന്നതിനും നേരിട്ട് ഓര്‍ഡര്‍ നല്‍കാനും ഡെലിവറി/പിക്കപ്പ് ഷെഡ്യൂള്‍ ചെയ്യാനും കഴിയുന്ന ഫീച്ചറും അവതരിപ്പിക്കുകയാണ്. ഗൂഗില്‍ സെര്‍ച്ചുമായി ബന്ധിപ്പിച്ചാണ് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നത്. ഇവി ചാര്‍ജിംഗ് പോയന്റുകള്‍ കാണിക്കുന്നതും പുതിയ ഫീച്ചറുകളുടെ ഗണത്തില്‍പ്പെടുന്നതാണ്.