സ്വര്‍ണം നാലുമാസത്തെ ഉയര്‍ച്ചയില്‍; ഇനിയും ഉയരുമെന്ന് ആശങ്ക
1 min readവെള്ളി ഇന്നലത്തെ വ്യാപാരത്തില്‍ 1.1 ശതമാനം ഉയര്‍ന്ന് 28.49 ഡോളറിലെത്തി.
ന്യൂഡെല്‍ഹി: ഇന്നലെ വ്യാപാരത്തിനിടെ ആഗോള തലത്തില്‍ സ്വര്‍ണവില നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. പിന്നീട് മയപ്പെട്ടെങ്കിലും വില നിലവാരം പൊതുവില്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ദുര്‍ബലമായ യുഎസ് ഡോളറും നിക്ഷേപകര്‍ പണപ്പെരുപ്പത്തിന് എതിരായ സുരക്ഷിത നിക്ഷേപ മാര്‍ഗമായി സ്വര്‍ണത്തെ കണ്ടതുമാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്.
സ്പോട്ട് സ്വര്‍ണം 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,868.30 ഡോളറിലെത്തി. ജനുവരി 29 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതിന് ശേഷമാണ് വില അല്‍പ്പം മയപ്പെട്ടത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 0.1 ശതമാനം ഉയര്‍ന്ന് 1,869.60 ഡോളറിലെത്തി.
സ്വര്‍ണ്ണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വരവ് പണപ്പെരുപ്പ ആശങ്കകളെ പ്രതിരോധിക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പങ്കാളിത്തമുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്‍റെ ഓഹരി പങ്കാളിത്തം തിങ്കളാഴ്ച 0.7 ശതമാനം ഉയര്‍ന്ന് 1,035.93 ടണ്ണായി.
അമേരിക്കന്‍ ഐക്യനാടുകളിലെ വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍, ബുധനാഴ്ച നടക്കാനിരിക്കുന്ന ഫെഡറല്‍ റിസര്‍വിന്‍റെ ധനനയ യോഗം സ്വര്‍ണ വിപണിയിലും ഓഹരി വിപണിയിലും ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. പണപ്പെരുപ്പത്തെക്കുറിച്ചുള്ള യുഎസ് കേന്ദ്രബാങ്കിന്‍റെ വീക്ഷണത്തെ കുറിച്ച് ഇത് കൂടുതല്‍ വ്യക്തത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം വരെ പലിശ നിരക്ക് ഉയര്‍ത്താനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെള്ളി ഇന്നലത്തെ വ്യാപാരത്തില്‍ 1.1 ശതമാനം ഉയര്‍ന്ന് 28.49 ഡോളറിലെത്തി. ഫെബ്രുവരി 2 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇത്. സ്വര്‍ണം / വെള്ളി അനുപാതം 65.5 ആയി കുറഞ്ഞു, അതായത് വെള്ളി സ്വര്‍ണത്തേക്കാള്‍ കുത്തനെ ഉയര്‍ന്നതായി കൊമേര്‍സ്ബാങ്ക് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. പല്ലേഡിയം 1.1 ശതമാനം ഉയര്‍ന്ന് 2,932 ഡോളറിലെത്തി. പ്ലാറ്റിനം 0.6 ശതമാനം ഇടിഞ്ഞ് 1,232 ഡോളറിലെത്തി.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50,18.5 രൂപയായിരുന്നു ഇന്നലെ കൊച്ചിയിലെ സ്വര്‍ണ വില. മുന്‍ ദിവസത്തെ അപേക്ഷിച്ച് 27 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായത്.