9 മാസത്തെ കുതിച്ചുകയറ്റത്തിനു ശേഷം സ്വര്‍ണ വില ഇടിയുന്നു
യുഎസിലെ ബോണ്ട് വരുമാനം വര്‍ദ്ധിച്ചതിന്‍റെ ഫലമായി ഡോളര്‍ ശക്തി പ്രാപിച്ചതാണ് ഇപ്പോള്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവിന് പ്രധാന കാരണം
ന്യൂഡെല്‍ഹി: ഏകദേശം ഒന്‍പത് മാസം നീണ്ടുനിന്ന ശക്തമായ മുന്നേറ്റത്തിന് ശേഷം, സ്വര്‍ണ വില ഇടിവിലേക്ക് നീങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച വ്യാപാരത്തിനിടെ വില 10 ഗ്രാമിന് 43,000 രൂപ എന്ന നിലയിലേക്കെത്തി. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 56,310 രൂപയില്‍ നിന്ന് ഇപ്പോള്‍ വില 21% കുറവാണ്. ഇതിനര്‍ത്ഥം സ്വര്‍ണ്ണം സാങ്കേതികമായി ഇടിവിന്‍റെ മേഖലയിലേക്ക് പ്രവേശിച്ചുവെന്നാണെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
അന്താരാഷ്ട്ര വിപണികളിലെ വില കുത്തനെ ഇടിഞ്ഞതിനാലാണ് ഇവിടെയും സ്വര്‍ണ്ണ വിലയില്‍ ഇടിവ് ഉണ്ടായത്. വ്യാഴാഴ്ച ഔണ്‍സിന് 1,700 ഡോളറിനേക്കാള്‍ താഴെയായിരുന്നു ആഗോള വിപണിയില്‍ സ്വര്‍ണവില. കഴിഞ്ഞ ഓഗസ്റ്റില്‍ 2,010 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. അവിടെ നിന്ന് 15 ശതമാനം ഇടിവാണ് ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത്. വില സ്ഥിരത കൈവരിക്കുന്നതിന് മുമ്പ് ഇത് 1,500 ഡോളറിനു താഴെയാകുമെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസിലെ ബോണ്ട് വരുമാനം വര്‍ദ്ധിച്ചതിന്‍റെ ഫലമായി ഡോളര്‍ ശക്തി പ്രാപിച്ചതാണ് ഇപ്പോള്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവിന് പ്രധാന കാരണം. ഉയര്‍ന്ന വരുമാനം നേടുന്നതിന് നിക്ഷേപകര്‍ യുഎസ് ഗവണ്‍മെന്‍റ് ബോണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതോടെ, മഞ്ഞ ലോഹത്തെ ഒരു സുരക്ഷിത താവളമായി കരുതി നിക്ഷേകര്‍ വലിയ നിക്ഷേപം നടത്തുന്നത് അല്‍പ്പം കുറഞ്ഞു. നേരത്തേ കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സ്വര്‍ണ നിക്ഷേപത്തില്‍ വലിയ ഉണര്‍വ് പ്രകടമായിരുന്നു.
ഡിമാന്‍ഡ് ഫാക്ടറിനുപുറമെ, ഇന്ത്യയിലെ സ്വര്‍ണ വില അന്താരാഷ്ട്ര വിലയെയും രൂപയുടെ വിനിമയ നിരക്കിനെയും കാര്യമായി ആശ്രയിച്ചിരിക്കുന്നു. മിക്ക പ്രധാന കറന്‍സികള്‍ക്കെതിരെയും ഡോളര്‍ ശക്തിപ്പെടുത്തുകയാണ്. ഡോളറുമായുള്ള വിനിമയത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞ് 73 എന്ന തലത്തിലാണ് ഉള്ളത്.