2020ല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ് എ സര്‍വീസിന്‍റെ ആഗോള വളര്‍ച്ച 40.7%
1 min readഡിസ്ട്രിബ്യൂഷന്‍ ക്ലൗഡ്, എഡ്ജ് സൊല്യൂഷനുകള്‍ വലിയ തോതില്‍ വികസിപ്പിക്കുന്നത് വന്‍കിട സേവനദാതാക്കള്‍ തുടരുകയാണ്
ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-എ-സര്‍വീസ് (കമമടഅയാഎസ്) വിപണി 2020 ല്‍ 40.7 ശതമാനം വര്‍ധിച്ച് മൊത്തം 64.3 ബില്യണ്‍ ഡോളറിലെത്തിയെന്ന് ഗവേഷണ സ്ഥാപനമായ ഗാര്‍ട്ട്നറിന്‍റെ റിപ്പോര്‍ട്ട്. 2019ല്‍ ഇത് 45.7 ബില്യണ്‍ ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ല്‍ അയാസ് വിപണിയില്‍ ആമസോണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൈക്രോസോഫ്റ്റ്, അലിബാബ, ഗൂഗിള്‍, ഹുവാവേ എന്നിവ തൊട്ടുപിന്നിലുണ്ട്.
‘ഡേറ്റാ പരമാധികാരം, ജോലിഭാരത്തിന്‍റെ പോര്‍ട്ടബിലിറ്റി, നെറ്റ്വര്‍ക്ക് ലേറ്റന്‍സി എന്നിവയുമായി ബന്ധപ്പെട്ട് സംരംങ്ങളുടെ ആവശ്യകതള്‍ പരിഹരിക്കുന്നതിനായി ഡിസ്ട്രിബ്യൂഷന്‍ ക്ലൗഡ്, എഡ്ജ് സൊല്യൂഷനുകള്‍ വലിയ തോതില്‍ വികസിപ്പിക്കുന്നത് വന്‍കിട സേവനദാതാക്കള്‍ തുടരുകയാണ്,” ഗാര്‍ട്നര്‍ റിസര്‍ച്ച് വൈസ് പ്രസിഡന്‍റ് സിദ് നാഗ് പറഞ്ഞു. കോവിഡ്-19 മഹാമാരി നിരവധി സംരംഭങ്ങളെ പബ്ലിക് ക്ലൗഡ് ആശ്രയിക്കുന്നതിലേക്ക് എത്തിച്ചുവെന്നത് വസ്തുതയാണെന്നും അതിന്‍റെ കൂടി പിന്‍ബലത്തിലാണ് വന്‍ വളര്‍ച്ച ഉണ്ടായതെന്നും ഗാര്‍ട്നര്‍ ചൂണ്ടിക്കാണിക്കുന്നു.
മികച്ച അഞ്ച് അയാസ് ദാതാക്കളുടെ വിപണി വിഹിതം 2020ല്‍ 80 ശതമാനത്തോളമാണ്. ആഗോള തലത്തില്‍ 90 ശതമാനം അയാസ് പ്രൊവൈഡര്‍മാരും വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2020 എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2020ല്‍ 26.2 ബില്യണ്‍ ഡോളര്‍ വരുമാനവും 41 ശതമാനം വിപണി വിഹിതവുമായി ആമസോണ്‍ ആഗോള അയാസ് വിപണിയില്‍ മുന്നിട്ടുനിന്നു. ആമസോണിന്‍റെ വളര്‍ച്ച പൊതുവായ വിപണി വളര്‍ച്ചയായ 28.7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം താഴെയാണ്. ആമസോണിന്‍റെ വില്‍പ്പന വളര്‍ച്ച പ്രധാനമായും ഉപഭോക്തൃ ഉപയോഗത്തെ പ്രതിഫലിപ്പിക്കുന്നു.
അയാസ് വിപണിയില്‍ 60 ശതമാനം വളര്‍ച്ചയോടെ മൈക്രോസോഫ്റ്റ് 2020 ല്‍ 12.7 ബില്യണ്‍ ഡോളറിലെത്തി. ആഗോള തലത്തില്‍ ആരോഗ്യസംരക്ഷണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയും പകര്‍ച്ചവ്യാധി തൊഴിലിട അന്തരീക്ഷത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളും നിലവിലുള്ള മൈക്രോസോഫ്റ്റ് സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിലേക്ക് സംരംഭങ്ങളെ പ്രേരിപ്പിച്ചു.
ചൈനയിലെ പ്രമുഖ അയാസ് ദാതാക്കളായ അലിബാബ 2020 ല്‍ 52.8 ശതമാനം വളര്‍ച്ച നേടി, വരുമാനം 6 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ഇത് 2019 ല്‍ 4 ബില്യണ്‍ ഡോളറായിരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും 200 ശതമാനത്തിലധികം വളര്‍ച്ച നേടിയ ഹുവാവേ 2020ല്‍ ആദ്യമായി അഞ്ച് മുന്‍നിര അയാസ് പ്രൊവൈഡര്‍മാരുടെ കൂട്ടത്തില്‍ ഇടം നേടി. ഗൂഗിളിന്‍റെ അയാസ് വരുമാനം 66% വര്‍ധിച്ച് 2020ല്‍ 4 ബില്യണ്‍ ഡോളറിലെത്തി. റീട്ടെയില്‍, സര്‍ക്കാര്‍, ആരോഗ്യ മേഖലകളില്‍ നിന്നുള്ള ചെലവിടല്‍ 2020ല്‍ ഈ മേഖലയുടെ വളര്‍ച്ചയെ സഹായിച്ചു.