November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

1 min read

തിരുവനന്തപുരം: കേരളത്തിന്‍റെ കരുത്തുറ്റ ഐടി ഇക്കോസിസ്റ്റം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ദുബായിലെ അന്താരാഷ്ട്ര ടെക്-സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ജൈടെക്സ് ഗ്ലോബല്‍ – 44-ാമത് എഡിഷനില്‍ കേരള ഐടി പവലിയന്‍ തുറന്നു. ലോകത്തെ ഏറ്റവും വലിയ ടെക്-സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് തുടക്കമായത്. തിങ്കളാഴ്ച ആരംഭിച്ച പ്രദര്‍ശനം അഞ്ച് ദിവസം നീണ്ടുനില്‍ക്കും. 2016 മുതല്‍ കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികളുടെ സാന്നിധ്യമുള്ള ആഗോള പരിപാടിയില്‍ ഇത്തവണ കേരളത്തില്‍ നിന്നുള്ള 30 കമ്പനികളാണ് പങ്കെടുക്കുന്നത്. ‘പവറിംഗ് ഇന്നൊവേഷന്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്‍റെ ഐടി ഇക്കോസിസ്റ്റത്തിന്‍റെ പ്രതിബദ്ധത ഉള്‍ക്കൊള്ളുന്ന 110 ചതുരശ്ര മീറ്റര്‍ കേരള പവലിയന്‍ ആണ് ജൈടെക്സ്-2024 നായി ഒരുക്കിയിട്ടുള്ളത്. സുസ്ഥിര വികസനത്തിനും സാമൂഹിക ഉന്നമനത്തിനുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന ആശയം പവലിയന്‍ മുന്നോട്ടുവയ്ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈപവര്‍ ഐടി കമ്മിറ്റിയില്‍ നിന്നുള്ള ഐടി ഫെലോസ് ആയ വിഷ്ണു വി നായര്‍, പ്രജീത് പ്രഭാകരന്‍, കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സിഇഒ ടോണി ഈപ്പന്‍ എന്നിവര്‍ ജൈടെക്സ്-2024 പവലിയന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വ്യവസായ-അക്കാദമിക സഹകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും ഉള്‍പ്പെടെ വികസനത്തിന്‍റെ നൂതന മാതൃകയാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിനൊപ്പം ഐടി ആവാസവ്യവസ്ഥയുടെ അഭിവൃദ്ധിയും ലക്ഷ്യമിടുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള 10 വീതം കമ്പനികളാണ് 30 അംഗ സംഘത്തിലുള്ളത്. ഡാറ്റ അനലിറ്റിക്സ്, സൈബര്‍ സുരക്ഷ, വെബ്സൈറ്റ് വികസനം, ഇആര്‍പി സൊല്യൂഷനുകള്‍, മൊബൈല്‍ ആപ്പ് ഡവലപ്മെന്‍റ്, ക്ലൗഡ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സാങ്കേതിക മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ഉത്പന്നങ്ങളും മാതൃകകളും കേരളത്തിലെ കമ്പനികള്‍ ജൈടെക്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.ആബാസോഫ്റ്റ് യുഎസ്എ, അക്യൂബ് ഇന്നവേഷന്‍സ്, ആഡ്വിസിയ സൊല്യൂഷന്‍സ്, ആര്‍മിയ സിസ്റ്റംസ്, ബ്ലൂകാസ്റ്റ് ടെക്നോളജീസ്, സെയ്മോക്സ്, ക്ലൗഡ് കണ്‍ട്രോള്‍, കോഡ് ലെറ്റിസ് ഡിജിറ്റല്‍ സൊല്യൂഷന്‍സ്, കൊമേഴ്സ്9, ക്രാഫ്റ്റ് ഇന്‍ററാക്ടീവ്, സൈബ്രോസിസ് ടെക്നോളജീസ്, ഡിക്യൂബ് എഐ, ഫ്രെസ്റ്റണ്‍ അനലിറ്റിക്സ്, ഗ്യാപ്പ്ബ്ലൂ സോഫ്റ്റ് വെയര്‍ ലാബ്സ്, ഗ്രാംപ്രോ ബിസിനസ് സര്‍വീസസ്, എച്ച്ടിഐസി ഗ്ലോബല്‍, ക്ലൈസ്ട്രോണ്‍ ഗ്ലോബല്‍, ലിത്തോസ് പിഒഎസ്, നിവിയോസിസ് ടെക്നോളജീസ്, നോവാറോ, ന്യുയോക്സ് ടെക്നോളജീസ്, നെക്സ്റ്റ്ജെനിക്സ് സൊല്യൂഷന്‍സ്, പിക്സ്ബിറ്റ് സൊല്യൂഷന്‍സ്, പ്രോംപ്ടെക് ഗ്ലോബല്‍, ക്വാഡന്‍സ് ടെക്നോളജീസ്, യുറോലൈം, വോക്സ്ട്രോണ്‍, വാറ്റില്‍കോര്‍പ് സൈബര്‍ സെക്യൂരിറ്റി ലാബ്സ്, വെബ്കാസ്റ്റില്‍, സൂന്‍ഡ്യ എന്നീ കമ്പനികളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. മൂന്ന് ഐടി പാര്‍ക്കുകളും (ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്) ജിടെക്കിനൊപ്പം കേരള ഐടി ഇക്കോസിസ്റ്റത്തിലെ ഐടി/ഐടി ഇതര കമ്പനികളെ ജൈടെക്സില്‍ പ്രദര്‍ശിപ്പിക്കുന്നു.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ
Maintained By : Studio3