November 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍: ഇന്ത്യയ്ക് പുതുഅവസരങ്ങൾ ഒരുക്കുന്നു

1 min read

തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സുപ്രധാന കേന്ദ്രമായി ഇന്ത്യയെ ആഗോള കമ്പനികള്‍ തെരഞ്ഞെടുക്കുകയാണെന്ന് നെസ്റ്റ് ഡിജിറ്റല്‍ എസ്ടിസി വൈസ് പ്രസിഡന്‍റും ബിസിനസ് ഓപ്പറേഷന്‍സ് മേധാവിയുമായ സാബു ഷംസുദീന്‍ പറഞ്ഞു. 2030 ആകുമ്പോള്‍ നിലവിലുള്ള 64.6 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 110 ബില്യണ്‍ യുഎസ് ഡോളറായി രാജ്യത്തെ ജിസിസി മേഖല വളരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ടെക്നോപാര്‍ക്കിന്‍റെ ഔദ്യോഗിക വോഡ്കാസ്റ്റ് പരമ്പരയായ ‘ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷനി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ടെക്നോപാര്‍ക്കിന്‍റെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ജിസിസി വഴി രാജ്യത്ത് ഏകദേശം 1.9 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇതുവരെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകത്തെ എല്ലാ വലിയ കമ്പനികളും ഇന്ത്യയില്‍ ജിസിസികള്‍ സ്ഥാപിക്കുകയാണ്. ബംഗളൂരുവിന് പുറമേ കേരളത്തിലും ദക്ഷിണേന്ത്യയിലും നൂറോളം കമ്പനികള്‍ ജിസിസികള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 1990-ല്‍ ടെക്നോപാര്‍ക്ക് സ്ഥാപിതമായപ്പോള്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ നെസ്റ്റ് ഡിജിറ്റല്‍ എസ്ടിസി എഞ്ചിനീയറിംഗിലും മാനുഫാക്ചറിങ്ങിലും ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്ഥാപനമാണ്. ഭാവിയില്‍ 80 ശതമാനം ജിസിസികളും എഐ അധിഷ്ഠിതമായിരിക്കുമെന്നും അഞ്ചോ പത്തോ ജിസിസികള്‍ ടെക്നോപാര്‍ക്കില്‍ വന്നാല്‍ പോലും കേരളം ഒരു ടെക്നോളജി ഹബ്ബായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടെക്നോപാര്‍ക്കിലെ ആദ്യ കമ്പനികളിലൊന്നായി തങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതാണെന്നും ഇന്ന് നെസ്റ്റ് ഗ്രൂപ്പിന് കീഴില്‍ എസ്എഫ്ഒ ടെക്നോളജീസ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിര്‍മ്മാണ യൂണിറ്റായി വളര്‍ന്നതായും അദ്ദേഹം പറഞ്ഞു. മാനുഫാക്ചറിങ്ങിനായി സ്വന്തമായി പ്രത്യേക സാമ്പത്തിക സോണ്‍ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ടോണിക്സ് മാനുഫാക്ചറിങ്ങ് സ്ഥാപനമായതിന്‍റെ നേട്ടം കമ്പനിയ്ക്കുണ്ട്. എഐയും നവീന സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിര്‍മ്മാണത്തിലും സോഫ്റ്റ്‌വെയര്‍ വികസനത്തിലും ധാരാളം മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആശയങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുക എന്നതാണ് വിജയത്തിലേയ്ക്കുള്ള വഴിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) രംഗത്ത് ഉത്പാദനം, നിര്‍മ്മാണം, ഹാര്‍ഡ് വെയര്‍, ഗവേഷണ വികസനം തുടങ്ങിയ മേഖലകളെല്ലാം എഐയും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച് അതിവേഗം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഐയുടെ സഹായത്തോടെ നെസ്റ്റ് ഡിജിറ്റല്‍ എസ്ടിസി ആഗോള ക്ലയന്‍റുകള്‍, ഡിഫെന്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഐഎസ്ആര്‍ഒ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായി സെന്‍സിറ്റീവ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ സ്ഥാപനം പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് 30, 35 ബിരുദ, ബിരുദാനന്തര ബിരുദധാരികളെ കമ്പനി റിക്രൂട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ അതിവേഗം മാറുന്ന ഇക്കാലത്ത് യുവാക്കള്‍ പഠനത്തില്‍ സജീവ സമീപനം പുലര്‍ത്തണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

  ദേശീയ ക്ഷീരദിനം: ലക്ഷ്യമിടുന്നത് സുസ്ഥിരതയും ഉള്‍ക്കൊള്ളലും ഉറപ്പാക്കുന്ന വളര്‍ച്ച
Maintained By : Studio3