വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അമേരിക്കയില്‍ മാസ്‌കില്ലാതെ ഒത്തുചേരാം
1 min readവാക്‌സിന്‍ പൂര്‍ണമായും എടുത്തവര്‍ക്ക് മാസ്‌കില്ലാതെയും സാമൂഹ്യ അകലം പാലിക്കാതെയും മറ്റ് വീടുകളിലുള്ള വാക്‌സിന്‍ എടുക്കാത്തവരെ സന്ദര്‍ശിക്കാമെന്നും അമേരിക്കയിലെ ആരോഗ്യ സമിതിയായ സിഡിഎസ്
വാഷിംഗ്ടണ്‍: കോവിഡ്-19നെതിരായ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിവര്‍ക്ക് അകത്തളങ്ങളില്‍ മാസ്‌ക് ഇല്ലാതെ ഒത്തുചേരാമെന്ന് അമേരിക്കയിലെ രോഗ നിയന്ത്രണ നിര്‍മാര്‍ജന കേന്ദ്രം (സിഡിഎസ്) പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിവര്‍ക്ക് മാസ്‌കില്ലാതെയും സാമൂഹ്യ അകലം പാലിക്കാതെയും മറ്റ് വീടുകളിലുള്ള വാക്‌സിന്‍ എടുക്കാത്തവരെ സന്ദര്‍ശിക്കാമെന്നും സിഡിഎസ് ഡയറക്ടര്‍ റൊസെല്ല വാലെന്‍സ്‌കി അറിയിച്ചു. അതേസമയം ഇവര്‍ ഗുരുതരമായ കോവിഡ്-19ന് സാധ്യതയില്ലെങ്കില്‍ മാത്രമേ ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്താവൂ.
വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിവര്‍ കോവിഡ്-19 രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാലും രോഗലക്ഷണങ്ങള്‍ കാണിക്കാത്തിടത്തോളം പരിശോധന നടത്തുകയോ ക്വാറന്റീനില്‍ ഇരിക്കുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ നഴ്‌സിംഗ് ഹോം, തെറ്റുതിരുത്തല്‍ കേന്ദ്രം തുടങ്ങി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഈ ഇളവ് ബാധകമല്ല. അമേരിക്കയില്‍ കോവിഡ്-19 കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും തുറക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഏകദേശം 59 ദശലക്ഷം അമേരിക്കക്കാര്‍ നിലവില്‍ ഒന്നോ അതിലധികമോ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുണ്ട്്. രാജ്യത്തെ പ്രായപൂര്‍ത്തിയായ ആളുകളുടെ 23 ശതമാനം വരുമിത്. തുടക്കത്തില്‍ മന്ദഗതിയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ വാക്‌സിനേഷന്‍ യജ്ഞം ധ്രുതഗതിയില്‍ മുന്നേറുകയാണ്. രണ്ട് ഡോസുള്ള വാക്‌സിനേഷനില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തിയാക്കിവരെയാണ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവരായി കണക്കാക്കുന്നത്. അമേരിക്കയില്‍ നിലവിലുള്ള ഫൈസര്‍, മോഡേണ തുടങ്ങിയ വാക്‌സിനുകള്‍ക്ക് രണ്ട് ഡോസാണ് ഉള്ളത്. അതേസമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിന് ഒറ്റ ഡോസ് മാത്രമാണുള്ളത്. ഈ വാക്‌സിന്‍ എടുത്തവരെ രണ്ടാഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ പൂര്‍ത്തിയാക്കിവരായി കണക്കാക്കും.
പുതിയ തീരുമാനത്തെ ഏറെ ആവേശത്തോടെയാണ് അമേരിക്കന്‍ ജനത സ്വാഗതം ചെയ്യുന്നത്. വാക്‌സിനെടുത്ത വയോധികര്‍ക്ക് ഇതോടെ ആരോഗവാന്മാരായ മക്കളെയും ചെറുമക്കളെയും കാണാമെങ്കിലും എല്ലാ കോവിഡ്-19 നിയന്ത്രണങ്ങളിലും അമേരിക്ക ഇളവ് അനുവദിച്ചിട്ടില്ല. കുത്തിവെപ്പ് പൂര്‍ത്തിയാക്കിയെങ്കിലും പൊതു സ്ഥാലങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും സിഡിഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലധികം കുടുംബങ്ങള്‍ ഒത്തുചേരുമ്പോള്‍ അകത്തളങ്ങളിലാണെങ്കിലും മാസ്‌ക് ധരിക്കണം. മാത്രമല്ല, ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ക്ക് പുതിയ ഇളവ് ബാധകമല്ല.
അതേസമയം വളരെയധികം ആളുകള്‍ ഒത്തുചേരുന്ന ഇടങ്ങളില്‍ പോകാതിരിക്കുന്നതാണ് ഉചിതമെന്നും ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും സിഡിഎസ് മുന്നറിയിപ്പ് നല്‍കി. അംഗീകൃത കോവിഡ് വാക്‌സിനുകള്‍ കോവിഡ്-19 ഗുരുതരമാകുന്നതില്‍ നിന്നും മരണത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ഉറച്ച് വിശ്വസിക്കുന്നത്.