വാഹനങ്ങളില്‍ ഇരട്ട എയര്‍ബാഗുകള്‍ നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ പുതിയ വാഹനങ്ങളുടെയും മുന്‍ നിരയില്‍ ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റ് എന്ന നിലയില്‍ നിര്‍ബന്ധമായി നല്‍കണം
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ നിര്‍ദേശപ്രകാരമാണ് വിജ്ഞാപനം കൊണ്ടുവന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു മുന്‍ നിര സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി രണ്ട് എയര്‍ബാഗുകള്‍ വേണമെന്നത്. ഇനി എന്‍ട്രി ലെവല്‍ കാറുകളുടെ ബേസ് വേരിയന്റുകളില്‍പോലും ഇരട്ട എയര്‍ബാഗുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കും. മാത്രമല്ല, ഈ വേരിയന്റുകളുടെ വില വര്‍ധിക്കുമെന്ന് മിക്കവാറും ഉറപ്പാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന മറ്റ് മിക്കവാറും കാറുകളില്‍ നിലവില്‍ സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റായി ഡ്രൈവര്‍, പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകള്‍ വിവിധ കാര്‍ നിര്‍മാതാക്കള്‍ സ്വമേധയാ നല്‍കിവരുന്നുണ്ട്. വില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ചില കാറുകളുടെ ബേസ് വേരിയന്റുകളില്‍ പല കമ്പനികളും പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് നല്‍കാത്തത്.
ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹൈ സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ കാറുകളിലും സ്റ്റാന്‍ഡേഡായി നല്‍കണമെന്ന് 2019 ല്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിര്‍ബന്ധമാക്കിയിരുന്നു. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ ജീവന്‍ സംബന്ധിച്ച സുരക്ഷ ഉറപ്പാക്കുന്നതിന് അടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. ഇനി ഡ്രൈവറുടെ സമീപം മുന്‍ നിരയില്‍ യാത്ര ചെയ്യുന്ന സഹയാത്രികനും സുരക്ഷാ ഫീച്ചറുകളിലൊന്നായ എയര്‍ബാഗ് നിര്‍ബന്ധമായിരിക്കും. ഈയിടെയായി കാര്‍ വാങ്ങുന്ന മിക്കവരുടെയും പരിഗണനാ വിഷയമായി കാറുകളിലെ സുരക്ഷാ ഫീച്ചറുകള്‍ മാറിയിട്ടുണ്ട്. അടിസ്ഥാന സുരക്ഷാ ഫീച്ചറുകള്‍ എല്ലാ കാറുടമകള്‍ക്കും നിര്‍ബന്ധമായും നല്‍കണമെന്ന വ്യക്തമായ സന്ദേശമാണ് പുതിയ ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്.