സൗഹൃദങ്ങൾക്ക് വില നൽകുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും
ഫ്രണ്ടിയേഴ്സ് ഓഫ് സൈക്കോളജി എന്ന ജേണലിലാണ് സൗഹൃദങ്ങളുടെ അധികമാരും ചർച്ച ചെയ്യപ്പെടാത്ത നേട്ടത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്
സുഹൃദ്ബന്ധങ്ങൾ ഉണ്ടായിരിക്കുകയെന്നത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ആവശ്യം വരുമ്പോഴെല്ലാം മാനസിക, വൈകാരിക പിന്തുണയും ഉപദേശവും നൽകാൻ ഒരു നല്ല സുഹൃത്ത് ഉള്ളത് എന്നും നമുക്ക് മുതൽകൂട്ടാണ്. എന്നാൽ സൗഹൃദത്തിന് മുൻഗണന നൽകിയാൽ ആരോഗ്യപരമായ നേട്ടങ്ങളും സ്വന്തമാക്കാമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. നല്ല സൗഹൃദവും ശാരീരിക, ആരോഗ്യ ക്ഷേമവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലാണ് പഠനത്തിലുള്ളത്.
ഫ്രണ്ടിയേഴ്സ് ഓഫ് സൈക്കോളജി എന്ന ജേണലിലാണ് സൗഹൃദങ്ങളുടെ അധികമാരും ചർച്ച ചെയ്യപ്പെടാത്ത നേട്ടത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സൗഹൃദങ്ങൾക്ക് മതിയായ വില നൽകുന്നവരുടെ ശാരീരിക, മാനസിക ആരോഗ്യം മികച്ചതായിരിക്കുമെന്ന് പറയുന്ന പഠനം പ്രായമായവരിലും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരിലുമാണ് ഈ ബന്ധം ശക്തമായി കാണപ്പെടുന്നതെന്നും നിരീക്ഷിക്കുന്നു. സന്തോഷവും ആരോഗ്യവുമുള്ള ജീവിതം നയിക്കാൻ ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് സൌഹൃദങ്ങളെന്നും യാതൊരുവിധ ചിലവുകളും ഇല്ലാതെ നല്ല ആരോഗ്യവും ക്ഷേമവും നൽകാൻ ഇതിലും മികച്ച ഒരു മാർഗമില്ലെന്നും അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ വില്യം ചോപിക് അഭിപ്രായപ്പെടുന്നു. ലോകത്തിന്റെ ഏത് കോണിലുള്ളവരാണെങ്കിലും സൌഹൃദത്തിന് വില കൽപ്പിക്കുന്നത് ഒരാളുടെ ആരോഗ്യ, ക്ഷേമത്തിന് നല്ലതാണെന്ന കണ്ടെത്തലാണ് പഠനത്തിലൂടെ തങ്ങൾക്ക് ലഭിച്ചതെന്നും ചോപിക് കൂട്ടിച്ചേർത്തു.
99ഓളം രാജ്യങ്ങളിൽ നിന്നുള്ള 3,23,200 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. സൌഹൃദം, ആരോഗ്യം,സന്തോഷം സാമ്പത്തിക നില, സാംസ്കാരിക ഭേദങ്ങൾ എന്നിവ സംബന്ധിച്ച മുൻ പഠനങ്ങളും ഗവേഷകർ പരിശോധിച്ചിരുന്നു. സ്ത്രീകൾ, ഉയർന്ന വിദ്യാഭ്യാസമുള്ളവർ, സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർ എന്നീ വിഭാഗങ്ങളിലുള്ളവർ സൌഹൃദങ്ങൾക്ക് മതിയായ വില നൽകുന്നതായി പഠനത്തിൽ കണ്ടെത്തി. അതേസമയം സൌഹൃദങ്ങൾക്ക് മുൻഗണന നൽകുന്നത് മറ്റനവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. വ്യക്തികേന്ദ്രീകൃതവും അസമത്വം അഥവാ പിരിമുറുക്കങ്ങൾ നിറഞ്ഞ സമൂഹത്തിൽ സൌഹൃദങ്ങളും നല്ല ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും പഠനം പറയുന്നു. ഒരുപാട് സൌകര്യങ്ങളും ആനുകൂല്യങ്ങളും ഉള്ള സമൂഹത്തിൽ നല്ല ആരോഗ്യവും സന്തോഷവും പ്രാപ്തമാകുന്നതിനായി നിരവധി മാർഗങ്ങളുണ്ടെങ്കിലും ഇവയില്ലാത്ത ഒരു സമൂഹത്തിൽ ഒരു വ്യക്തിയുടെ ആരോഗ്യത്തിലും സന്തോഷത്തിലും സൌഹൃദങ്ങൾ വലിയ പങ്ക് വഹിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണിത്.