സൗജന്യ ഗൂഗിള്‍ മീറ്റ് കോളുകള്‍ ജൂണ്‍ വരെ
കൂടുതല്‍ കൂടുതല്‍ ആളുകള്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് കണക്കിലെടുത്തു
ന്യൂഡെല്‍ഹി: ഗൂഗിളിന്റെ ജനപ്രിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനമായ ഗൂഗിള്‍ മീറ്റ് ഈ മഹാമാരി കാലത്ത് എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായിരുന്നു. സൂം ആപ്പിന്റെ ജനപ്രീതി വര്‍ധിച്ചുവരുന്നതിനിടെ തങ്ങളുടേതായ വിപണി വിഹിതം കണ്ടെത്തുന്നതിന് ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനം നല്‍കുകയായിരുന്നു. ഗൂഗിള്‍ മീറ്റ് വഴിയുള്ള സൗജന്യ കോളുകള്‍ ഈ വര്‍ഷം ജൂണ്‍ വരെ തുടരുമെന്ന് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചു.
തുടക്കത്തില്‍ 2020 സെപ്റ്റംബര്‍ 30 വരെയാണ് ഗൂഗിള്‍ മീറ്റ് സൗജന്യമായി ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ലോകമെങ്ങും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവന്നതും കൂടുതല്‍ കൂടുതല്‍ ആളുകള്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് കണക്കിലെടുത്തും സൗജന്യ വീഡിയോ കോളിംഗ് സേവനം ഈ വര്‍ഷം മാര്‍ച്ച് വരെ നീട്ടുകയായിരുന്നു.
മറ്റ് മിക്ക എതിരാളികളെയും പോലെ ഈ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലായി വലിയ വര്‍ധനയാണ് പ്രകടമായത്. കൊവിഡ് 19 കാരണം ലോകമെങ്ങും കൂടുതല്‍ ആളുകള്‍ വിദൂരത്തിരുന്നാണ് ജോലി ചെയ്യുന്നത്. സൗജന്യ ഗൂഗിള്‍ മീറ്റ് കോളുകളുടെ തീയതി ഒരിക്കല്‍ കൂടി നീട്ടിയിരിക്കുകയാണ് ഗൂഗിള്‍. ജൂണ്‍ മാസം വരെ സൗജന്യമായി ഉപയോഗിക്കാം.
ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് 24 മണിക്കൂര്‍ വരെ സൗജന്യ കോളുകള്‍ തുടരാന്‍ കഴിയും. മഹാമാരിക്കുമുമ്പ് അറുപത് മിനിറ്റ് നേരമെന്ന പരിധി ഉണ്ടായിരുന്നു. ഒരു റൂം ഹോസ്റ്റ് ചെയ്ത് മീറ്റിംഗ് നടത്തുന്നതിന് നൂറുപേരെ വരെ ചേര്‍ക്കാന്‍ കഴിയും. കൂടുതല്‍ പേരെ ചേര്‍ക്കുന്നതിന് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വാങ്ങേണ്ടിവരും. അങ്ങനെയെങ്കില്‍ 250 പേരെ വരെ ചേര്‍ക്കാം.