മേയ് ആദ്യ വാരം എഫ്പിഐകള്‍ ഇക്വിറ്റികളില്‍ നിന്ന് പിന്‍വലിച്ചത് 5,936 കോടി രൂപ
മുംബൈ: വിദേശ പോര്‍ട്ട്ഫോളിയൊ നിക്ഷേപകര്‍ (എഫ്പിഐ) മേയ് ആദ്യ വാരത്തിലും ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കല്‍ തുടരുകയാണ്. മേയ് 3 മുതല്‍ 7 വരെയുള്ള വ്യാപാര ദിനങ്ങളില്‍ 5,936 കോടി രൂപയുടെ അറ്റ പിന്‍വലിക്കാലാണ് എഫ്പിഐകള്‍ ഇക്വിറ്റികളില്‍ നടത്തിയത്. രാജ്യത്ത് രൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നിക്ഷേപക വികാരം കുറയുന്നത്.
നിരവധി സംസ്ഥാനങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും സാമ്പത്തിക വീണ്ടെടുക്കലിന്‍റെ സാധ്യതകളെ ദുര്‍ബലപ്പെടുത്തിയെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. ഏപ്രിലില്‍ എഫ്പിഐകള്‍ 9,659 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചിരുന്നു. തുടര്‍ച്ചയായ ആറുമാസം ഇന്ത്യന്‍ മൂലധന വിപണികളില്‍ അറ്റ നിക്ഷേപകരായി തുടര്‍ന്നതിന് ശേഷമാണ് എഫ്പിഐകള്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞത്.
2021ല്‍ ഇതുവരെ എഫ്പിഐകളുടെ മൊത്തം നിക്ഷേപം 40,147 കോടി രൂപയാണ്. ഒക്റ്റോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 1.97 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം എഫ്പിഐകള്‍ ഇന്ത്യയുടെ ഇക്വിറ്റി വിപണിയില്‍ നടത്തിയിട്ടുണ്ട്. കോവിഡ് 19 രണ്ടാം തരംഗത്തിനു പുറമേ ഇന്ത്യന്‍ രൂപയുടെ മൂല്യം ദുര്‍ബലമായതും എഫ്പിഐകളെ വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചു.