2020-21ല്‍ ഇക്വിറ്റികളില്‍ 19% എഫ്ഡിഐ വളര്‍ച്ച: വാണിജ്യ മന്ത്രാലയം
1 min readകമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ മേഖലയാണ് ഏറ്റവും കൂടുതല്‍ വരവ് നേടിയത്.
ന്യൂഡെല്‍ഹി: നയ പരിഷ്കാരങ്ങള്‍, നിക്ഷേപ സൗകര്യം, ബിസിനസ് സുഗമമാക്കല്‍ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി 2020-21 കാലയളവില്‍ രാജ്യത്തേക്ക് ഇക്വിറ്റികളിലൂടെ എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 19 ശതമാനം വര്‍ധിച്ച് 59.64 ബില്യണ്‍ യുഎസ് ഡോളറായെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മൊത്തം എഫ്ഡിഐ 2020-21 കാലയളവില്‍ 10 ശതമാനം വര്‍ധിച്ച് 81.72 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 2019-20ല്‍ ഇത് 74.39 ബില്യണ്‍ ഡോളറായിരുന്നു.
മുന്‍നിര നിക്ഷേപ രാജ്യങ്ങളുടെ പട്ടികയില്‍ 29 ശതമാനം ഓഹരിയുമായി സിംഗപ്പൂര്‍ ഒന്നാമതാണ്. യുഎസും (23 ശതമാനം), മൗറീഷ്യസും (9 ശതമാനം) ഇതിനു പിന്നാലെയായി ഉണ്ട്. വിവിധ നടപടികളിലൂടെ ആഗോള നിക്ഷേപകര്‍ക്കിടയില്‍ ഒരു നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പദവി ഉയര്‍ന്നതിന്‍റെ ഫലമായാണ് എഫ്ഡിഐ നിക്ഷേപം റെക്കോഡ് തലത്തിലേക്ക് എത്തിയതെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ മേഖലയാണ് ഏറ്റവും കൂടുതല്‍ വരവ് നേടിയത്. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രവര്‍ത്തനങ്ങള്‍ (13 ശതമാനം), സേവന മേഖല (എട്ട് ശതമാനം) എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ എത്തിയത്. 2020-21 കാലയളവില്‍ ഏറ്റവുമധികം എഫ്ഡിഐ എത്തിയ സംസ്ഥാനം ഗുജറാത്ത് ആണ്. മൊത്തം വിദേശ നിക്ഷേപത്തിന്‍റെ 37 ശതമാനം വിഹിതം ഗുജറാത്ത് സ്വന്തമാക്കി. മഹാരാഷ്ട്ര (27 ശതമാനം), കര്‍ണാടക (13 ശതമാനം) എന്നിവയാണ് തൊട്ടുപിന്നില്‍.
ഗുജറാത്തിലെ ഇക്വിറ്റി വരവിന്‍റെ ഭൂരിഭാഗവും കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ & ഹാര്‍ഡ്വെയര്‍’ (94%), കണ്‍സ്ട്രക്ഷന്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍) പ്രവര്‍ത്തനങ്ങള്‍’ (2%) എന്നീ മേഖലകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രവര്‍ത്തനങ്ങള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, റബ്ബര്‍ ഗുഡ്സ്, റീട്ടെയില്‍ ട്രേഡിംഗ്, ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ് എന്നിവയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയ പ്രധാന മേഖലകള്‍. ഈ മേഖലകളില്ലെ 100 ശതമാനം വളര്‍ച്ചയാണ് ഇക്വിറ്റിയില്‍ രേഖപ്പെടുത്തിയത്.