ജൂണോടെ അവധിയില്‍ പോയ ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനൊരുങ്ങി ഫ്‌ളൈദുബായ്
1 min readവേനല്‍ക്കാല യാത്രാ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ജീവനക്കാരെ തിരിച്ചുവിളിക്കുന്നതെന്ന് ഫ്‌ളൈദുബായ് സിഇഒ ഗെയ്ത് അല്‍ ഗെയ്ത്
ദുബായ്: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം താത്കാലിക അവധിയില്‍ പോയ ജീവനക്കാരെ മടക്കിവിളിക്കാനൊരുങ്ങി ദുബായിലെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈദുബായ്. വേനല്‍ക്കാല യാത്രാവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ജൂണ്‍ മുതല്‍ അവധിയില്‍ പോയ ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഫ്‌ളൈദുബായ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ജോലിയില്‍ തിരികെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി കഴിഞ്ഞ ആഴ്ച അവധിയിലുള്ള ജീവനക്കാര്‍ക്ക് കത്തയച്ചെന്നും തിരിച്ചുവരുന്നതിനുള്ള സമയക്രമം അറിയിച്ചെന്നും അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ ഫ്‌ളൈദുബായ് സിഇഒ ഗെയ്ത് അല്‍ ഗെയ്ത് വ്യക്തമാക്കി. ഇവരെല്ലാം ശമ്പളമില്ലാത്ത അവധിയില്‍ പോയവരാണെന്നും അവരെ തിരിച്ച് കൊണ്ടുവരാമെന്നതില്‍ കമ്പനിക്ക് വലിയ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും ഗെയ്ത് പറഞ്ഞു.
കോവിഡ്-19 പകര്‍ച്ചവ്യാധി വ്യോമയാന മേഖലയ്ക്ക് മേല്‍ കടുത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. വിമാനങ്ങള്‍ നിലത്തിറക്കിയും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടും മറ്റുള്ളവരോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചും ചിലവ് ഗണ്യമായി വെട്ടിക്കുറയ്‌ക്കേണ്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള വിമാനക്കമ്പനികള്‍.
ഒന്നുകില്‍ രാജി വെക്കുക, അല്ലെങ്കില്‍ ശമ്പളമില്ലാ അവധിയില്‍ പോകുക തുടങ്ങിയ രണ്ട് നിര്‍ദ്ദേശങ്ങളാണ് ഫ്‌ളൈദുബായ് ജീവനക്കാര്‍ക്ക് മുമ്പില്‍ വെച്ചതെന്ന് ഗെയ്ത് പറഞ്ഞു. ഇതില്‍ 97 ശതമാനം പേരും ശമ്പളമില്ലാ അവധിയില്‍ പോകാന്‍ സമ്മതമറിയിച്ചു. ഗത്യന്തരമില്ലാതെയാണ് പലരും ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് തനിക്കറിയാമെന്നും അതേസമയം കമ്പനിയ്‌ക്കൊപ്പം നില്‍ക്കണമെന്ന അവരുടെ ആത്മാര്‍ത്ഥത കൂടിയാണ് അത് വെളിവാക്കുന്നതെന്നും അവരെ ഒപ്പം നിര്‍ത്താനായെന്നും ഗെയ്ത് പറഞ്ഞു.
3,796 ജീവനക്കാരില്‍ 1,092 പേര്‍ സ്വമേധയാ അവധിയില്‍ പോയതായി 2020ലെ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ഫ്‌ളൈദുബായ് വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കമ്പനി ജീവനക്കാരുടെ എണ്ണം 3.2 ശതമാനം കുറഞ്ഞെന്നും ഫ്‌ളൈദുബായ് വ്യക്തമാക്കി. അവധിയിലുള്ള ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായി റെഗുലേറ്ററി അതോറിട്ടികളുമായും പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ഗെയ്ത് പറഞ്ഞു. ബാങ്കുകളുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് വായ്പ തിരിച്ചടവുകളില്‍ ഇളവ് ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധികാലത്ത് കമ്പനിയോടുള്ള മതിപ്പും കമ്പനി ചെയ്ത കാര്യങ്ങളും സംബന്ധിച്ച് ജനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ വളരെ പ്രോത്സാഹജനകമാണെന്ന് ഗെയ്ത് പറഖഞ്ഞു. അതില്‍ അഭിമാനമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന തോന്നല്‍ ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ വേനല്‍ക്കാല യാത്രാ വിപണി സംബന്ധിച്ച് ഫ്‌ളൈദുബായിക്കുള്ള പ്രതീക്ഷകളും സിഇഒ പങ്കുവെച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുമ്പ് പകര്‍ച്ചവ്യാധിക്ക് മുമ്പുണ്ടായിരുന്നതിന്റെ 65 ശതമാനം യാത്രാ വാഹക ശേഷിയിലേക്ക് കമ്പനി എത്തിയിരുന്നു. വരാനിരിക്കുന്ന വേനല്‍ക്കാലത്ത് കാര്യങ്ങള്‍ അതിലും മികച്ചതായിരിക്കുമെന്നാണ് കരുതുന്നതെന്ന് ഗെയ്ത് പറഞ്ഞു. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ യാത്ര നിയന്ത്രണങ്ങളെ അനുസരിച്ചിരിക്കും വേനല്‍ക്കാല യാത്ര വിപണിയുടെ തിരിച്ചുവരവെന്നും അദ്ദേഹം വ്യക്തമാക്കി. ഏതൊക്കെ രാജ്യങ്ങളാണ് അതിര്‍ത്തികള്‍ തുറക്കാന്‍ പോകുന്നതെന്നതാണ് ഏറ്റവും വലിയ ചോദ്യം. യുഎഇ അതിര്‍ത്തകള്‍ തുറന്ന് ബിസിനസിന് തയ്യാറായിരിക്കുകയാണെന്നും ഫ്‌ളൈദുബായും പറക്കാന്‍ തയ്യാറെടുത്തിരിക്കുകയാണെന്നും ഗെയ്ത് അറിയിച്ചു.
യാത്രാ ഡിമാന്‍ഡിലുള്ള വര്‍ധന മുതലെടുത്ത് ഫ്‌ളൈദുബായ് ഇതിനോടകം തന്നെ പുതിയ വേനല്‍ക്കാല റൂട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീസിലെ സന്റോറിനി, മൈക്കനോസ് ദ്വീപുകളിലേക്കും തുര്‍ക്കിയിലെ ബോദ്‌റം, ട്രാബ്‌സണ്‍ എന്നിവിടങ്ങളിലേക്കും ഇറ്റലിയിലെ നേപ്പിള്‍സിലേക്കും ഓസട്രിയയിലെ സാല്‍സ്ബര്‍ഗിലേക്കും അടുത്ത രണ്ട് മാസങ്ങളില്‍ ഫ്‌ളൈദുബായ് സര്‍വ്വീസ് നടത്തും. കമ്പനിയിലെ 14 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളില്‍ പത്തെണ്ണം ഉപയോഗിച്ചാണ നിലവില്‍ കമ്പനി സര്‍വ്വീസുകള്‍ നടത്തുന്നത്.
സഹോദര സ്ഥാപനമായ എമിറേറ്റ്‌സുമായുള്ള ബന്ധം ശക്തമാക്കുമെന്നും ഗെയ്ത് സൂചന നല്‍കി. ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സും ഫ്‌ളൈദുബായും പകര്‍ച്ചവ്യാധിക്ക് മുമ്പ് തന്നെ കോഡ് ഷെയറിംഗ്, സമയക്രമം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ സഹകരിച്ചിരുന്നു. അതേസമയം എമിറേറ്റ്‌സും ഫ്‌ളൈദുബായും അടുത്ത ബന്ധങ്ങള്‍ സ്ഥാപിച്ച് കൊണ്ട് തുടര്‍ന്നും രണ്ട് പ്രത്യേക ബ്രാന്‍ഡുകളായി പ്രവര്‍ത്തിക്കുമെന്ന് ഗെയ്ത് പറഞ്ഞു. നേരത്തെ എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്കും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.