ക്ലിയര്‍ ട്രിപ്പ് ഏറ്റെടുക്കാനൊരുങ്ങി ഫ്ളിപ്കാര്‍ട്ട്
1 min readബെംഗളൂരു: ഇ-കൊമേഴ്സ് വമ്പനായ ഫ്ലിപ്കാര്‍ട്ട്, ഓണ്‍ലൈന്‍ ട്രാവല്‍ ടെക്നോളജി കമ്പനിയായ ക്ലിയര്‍ട്രിപ്പ് സ്വന്തമാക്കും. ഉപയോക്താക്കള്‍ക്കായുള്ള ഡിജിറ്റല്‍ കൊമേഴ്സ് ഓഫറുകള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള നിക്ഷേപം കമ്പനി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ക്ലിയര്‍ട്രിപ്പിന്‍റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുമെന്ന് ഫ്ളിപ്കാര്‍ട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഫ്ളിപ്കാര്‍ട്ടിന്‍റെ ഉടമസ്ഥയിലും നിലവിലെ എല്ലാ ജീവനക്കാരെയും നിലനിര്‍ത്തിക്കൊണ്ട് ക്ലിയര്‍ട്രിപ്പ് ഒരു പ്രത്യേക ബ്രാന്‍ഡായി പ്രവര്‍ത്തിക്കുന്നത് തുടരും. ഉപയോക്താക്കള്‍ക്ക് യാത്രാ സേവനങ്ങള്‍ ലളിതമാക്കുന്നതിന് സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി ഫ്ലിപ്പ്കാര്‍ട്ടുമായി ക്ലിയര്‍ട്രിപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കും.
നിരവധി ഉപഭോക്താക്കള്‍ക്ക് യാത്രയുടെ പര്യായമാണ് ക്ലിയര്‍ട്രിപ്പ് എന്നും ഈ നിക്ഷേപം ഉപഭോക്താക്കള്‍ക്കുള്ള വിശാലമായ ഓഫറുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. “ക്ലിയര്‍ട്രിപ്പ് ടീമിനെ ഫ്ലിപ്കാര്‍ട്ട് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. യാത്രാ വ്യവസായത്തിലെ അവരുടെ ആഴത്തിലുള്ള പരിജ്ഞാനവും സാങ്കേതിക ശേഷിയും ഫ്ളിപ്കാര്‍ട്ടുമായി ചേരുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കാനാകും,” അദ്ദേഹം പറഞ്ഞു.