2020ല്‍ ഇന്ത്യയിലെ സാമ്പത്തിക ആസ്തി 11% ഉയര്‍ന്ന് 3.4 ട്രില്യണ്‍ ഡോളറില്‍
1 min readപാന്‍ഡെമിക്കിന്‍റെ ആദ്യ നാളുകളില്‍ പ്രകടമായ കുത്തനെയുള്ള ഇടിവിന് ശേഷം, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഹരി വിപണികളില്‍ തുടര്‍ച്ചയായ റാലി നടക്കുന്നുണ്ട്
ന്യൂഡെല്‍ഹി: കൊറോണ വൈറസ് മഹാമാരിക്കിടയിലും 2020ല്‍ ഇന്ത്യയിലെ സാമ്പത്തിക ആസ്തി 11 ശതമാനം വര്‍ധിച്ച് 3.4 ട്രില്യണ്‍ യുഎസ് ഡോളറായിയെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനം ബിസിജി പുറത്തിറക്കിയ റിപ്പോര്‍ട്ട്. 2020 വരെയുള്ള അഞ്ചുവര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിനോട് ചേര്‍ന്നുപോകുന്നതാണ് കഴിഞ്ഞ വര്‍ഷത്തെയും കണക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികളുടെ സ്ഥാവര ആസ്തികളും ബാധ്യതകളും ഒഴികെയുള്ള മൊത്തം സമ്പത്താണ് സാമ്പത്തിക ആസ്തി എന്ന് നിര്‍വചിക്കപ്പെടുന്നത്.
പാന്‍ഡെമിക്കിന്‍റെ ആദ്യ നാളുകളില്‍ പ്രകടമായ കുത്തനെയുള്ള ഇടിവിന് ശേഷം, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഹരി വിപണികളില്‍ തുടര്‍ച്ചയായ റാലി നടക്കുന്നുണ്ട്. എന്നാല്‍ വരുമാനത്തില്‍ കൂടുതല്‍ അസമത്വം ഉണ്ടെന്നും മഹാമാരി ഈ വിഭജനത്തെ വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ സാമ്പത്തിക ആസ്തി അതിവേഗം വികസിക്കും. എന്നാല്‍ വിപുലീകരണത്തിന്‍റെ നിരക്ക് പ്രതിവര്‍ഷം 10 ശതമാനമായി കുറയും. 2025ഓടെ ഇന്ത്യയിലെ സാമ്പത്തിക ആസ്തി 5.5 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍.
“പ്രതിസന്ധിക്കിടയിലും അഭിവൃദ്ധിയുടെയും സമ്പത്തിന്‍റെയും ഗണ്യമായ വളര്‍ച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് വിപുലീകരിക്കാന്‍ സാധ്യതയുണ്ട്,” കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
100 മില്യണ്‍ യുഎസ് ഡോളറിലധികം വരുമാനമുള്ള വ്യക്തികളുടെ ശതമാനമാണ് 2025 വരെ ഇന്ത്യയിലെ സാമ്പത്തിക ആസ്തി വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരം അതിസമ്പന്നരുടെ എണ്ണം 1,400 ആയി ഉയരുമെന്നും വിലയിരുത്തുന്നു. നിലവിലുള്ളതിന്‍റെ ഇരട്ടിയാണിത്.
ഇന്ത്യക്കാരുടെ ക്രോസ്-ബോര്‍ഡര്‍ ആസ്തി 2020ല്‍ 194 ബില്യണ്‍ യുഎസ് ഡോളറായി വളര്‍ന്നു, ഇത് സാമ്പത്തിക സ്വത്തിന്‍റെ 5.7 ശതമാനമാണ്. 2025 ഓടെ അനുപാതം 6.3 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. താമസിക്കുന്ന മേഖലയുടെ അധികാരപരിധിക്ക് പുറത്തുള്ള ഒരിടത്തുള്ള ആസ്തിയെയാണ് ക്രോസ്-ബോര്‍ഡര്‍ ആസ്തി എന്നു പറയുന്നത്.
സാമ്പത്തിക സ്വത്തിന്‍റെ കപകുതിയോളം കറന്‍സിയിലും നിക്ഷേപത്തിലുമാണ്. ഇക്വിറ്റികളും ലൈഫ് ഇന്‍ഷുറന്‍സും അതിനു പിന്നാലെ വരുന്നു. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, നോണ്‍-മോണിറ്ററി സ്വര്‍ണം, നിലവിലെ വിലയ്ക്ക് വിലയുള്ള മറ്റ് ലോഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിയല്‍ ആസ്തി വിഭാഗം 2020ല്‍ 14 ശതമാനം വര്‍ധനയോടെ 12.4 ട്രില്യണ്‍ യുഎസ് ഡോളറായി. റിയല്‍ ആസ്തി പ്രതിവര്‍ഷം 8.2 ശതമാനം വര്‍ധിച്ച് 2025 ഓടെ 18.5 ട്രില്യണ്‍ യുഎസ് ഡോളറായി ഉയരുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു.