മാര്‍ച്ച് വളര്‍ച്ചയില്‍ ആത്മവിശ്വാസം നിലനിര്‍ത്തി ധനമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്
1 min readന്യൂഡെല്‍ഹി: കൊറോണ വൈറസ് കേസുകള്‍ വീണ്ടും അതിവേഗം വര്‍ധിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമ്പോഴും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ധനകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ മുഖ്യ സൂചകങ്ങളിലുണ്ടായ പുരോഗതി ചൂണ്ടിക്കാണിച്ച് സാമ്പത്തിക വീണ്ടെടുക്കല്‍ ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക കാര്യവകുപ്പ് (ഡിഇഎ) പുറത്തിറക്കിയ 2021 മാര്‍ച്ചിലെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 2020-21ല്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം 303.3 ദശലക്ഷം ടണ്ണിലെത്തി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഭക്ഷ്യധാന ഉല്‍പ്പാദനത്തെ പുതിയ ഉയരത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
2020-21 കാലയളവില്‍ 383.8 കോടി വ്യക്തിഗത തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിഗ്രാമീണ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ഒരു ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44.7 ശതമാനം വര്‍ധനയാണ് വ്യക്തിഗത തൊഴിലിനങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
മാര്‍ച്ചില്‍ ഇന്ത്യയുടെ പിഎംഐ മാനുഫാക്ചറിംഗ് സൂചിക 55.4 ആണ്. ഉല്‍പ്പാദന മേഖല തുടര്‍ച്ചയായ വളര്‍ച്ചാ പ്രവണത കാണിക്കുന്നു. വാഹന വില്‍പ്പനയിലും വൈദ്യുതി ഉപഭോഗത്തിലും ഡിമാന്‍ഡ് അവസ്ഥ ശക്തിപ്പെടുത്തുന്നത് വ്യക്തമായി കാണാന്‍ കഴിയും. പ്രതിമാസ ജിഎസ്ടി ശേഖരണം മാര്‍ച്ചില്‍ എക്കാലത്തെയും റെക്കോര്‍ഡ് നിലയിലെത്തി.
ഫെബ്രുവരി പകുതി മുതല്‍ ഇന്ത്യയില്‍ പ്രതിദിനം റെക്കോഡ് ചെയ്യപ്പെടുന്ന കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിക്കുകയാണ്. എന്നിരുന്നാലും, വൈറസിന്‍റെ രണ്ടാം തരംഗത്തിന്‍റെ തുടക്കം വൈകിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്. വൈറസിന്‍റെ വ്യാപനത്തെ നേരിടാന്‍ ഇന്ത്യ നന്നായി തയ്യാറെടുത്തിട്ടുണ്ട് മതിയായ പരിശോധനയും ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറും സജ്ജീകരിച്ചിരിക്കുന്നു. കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശങ്കകള്‍ വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.