മാറ്റങ്ങളെ സ്വീകരിക്കാൻ ഇന്ത്യക്കാർ തയ്യാര്‍: ഫെഡ്എക്സ് എക്സ്പ്രസ് പഠന റിപ്പോര്‍ട്ട്
കൊച്ചി: ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍
വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍
ഭാവിയിലുണ്ടാകുന്നവയെ സ്വീകരിക്കുവാന്‍ ഇന്ത്യക്കാർ തയ്യാറാണെന്ന് ഫെഡ്എക്സ്
എക്സപ്രസ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയും ഫെഡ്എക്സ് കോര്‍പറേഷന്റെ സബ്സിഡിയറിയുമായ ഫെഡ്എക്സ് എക്സ്പ്രസ് ഭാവിയിലെ വിവിധ സാധ്യതകളെ കുറിച്ചു നടത്തിയ ഫ്യൂചര്‍ ഈസ് നൗ പഠനത്തിലെ കണ്ടെത്തലുകള്‍ പുറത്തു വിട്ടതിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍
രംഗത്തെ മാറ്റങ്ങള്‍ മഹാമാരി മൂലം ത്വരിതപ്പെട്ടു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ രംഗം മുതല്‍ വിദ്യാഭ്യാസം വരെയും ബാങ്കിങ് മുതല്‍ നിര്‍മാണം വരെയും
ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുകയാണ്.
പഠനത്തിന്റെ ഭാഗമായി 18 പട്ടണങ്ങളിലായി നാലായിരത്തില്‍ അധികം പേരെ സര്‍വേ
നടത്തിയപ്പോള്‍ നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, ബ്ലോക്ക് ചെയിന്‍
പോലുളള ഭാവിയിലേക്കു തയ്യാറെടുപ്പു നടത്തുന്ന സാങ്കേതികവിദ്യകള്‍ക്ക് ഇന്ത്യ
മുന്‍ഗണന നല്‍കുകയാണെന്നാണ് 79 ശതമാനം പേരും അഭിപ്രായപ്പെട്ടത്. സയന്‍സ്
ഫിക്ഷന്‍ സിനിമകളിലും മറ്റും തങ്ങള്‍ കണ്ട സാങ്കേതികവിദ്യകള്‍ ഇതിനകം തന്നെ
തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുകയോ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആകാന്‍
ഒരുങ്ങുകയോ ആണെന്നാണ് ഏകദേശം 83 ശതമാനം പേരും വിശ്വസിക്കുന്നത്.
സാങ്കേതികിവിദ്യാ പിന്‍ബലത്തോടെയുള്ള മുന്നേറ്റം തുടരുക തന്നെ ചെയ്യും.
ആരോഗ്യസേവനം(36 ശതമാനം), അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റികും (21
ശതമാനം), സാമ്പത്തിക രംഗം (18 ശതമാനം) എന്നിവയായിരിക്കും ഭാവിയില്‍ ഈ
മാറ്റത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുക. പുതുമകള്‍ പ്രയോജനപ്പെടുത്തുന്ന
കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രീതിയാണ് ഫെഡ്എക്സില്‍ ദശാബ്ദങ്ങളായി
തങ്ങള്‍ പിന്തുടര്‍ന്നു പോരുന്നതെന്ന് ഫെഡ്എക്സ് എക്സ്പ്രസ് ഇന്ത്യ ഓപറേഷന്‍സ്
വൈസ് പ്രസിഡന്റ് മൊഹമ്മദ് സയേഘ് പറഞ്ഞു.
പുതിയ സേവനങ്ങള്‍ നല്‍കാനായി ലോകത്തോട് പ്രതിബദ്ധത പ്രകടിപ്പിച്ചു കൊണ്ട്
ഗുണകരമായ രീതിയില്‍ പുതുമകള്‍ പ്രയോജനപ്പെടുത്തുന്നത് തുടരുകയാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, ഓട്ടോമേഷന്‍, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ മാറ്റങ്ങള്‍ ലോജിസ്റ്റിക് മേഖലയില്‍ മാത്രമല്ല, മറ്റെല്ലാ മേഖലകളിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്യചര്‍ ഈസ് നൗ എന്ന പേരിലുള്ള ഈ പഠനം പ്രധാനമായും മൂന്നു മേഖലകളിലാണ്
ശ്രദ്ധ കേന്ദ്രീകരിച്ചത്. ചലനാത്മകമാകുക, നവീനതകളുടേയും പരീക്ഷണങ്ങളുടേയും
കാര്യത്തില്‍ ഇന്ത്യ എങ്ങനെയാണ് തുറന്ന രീതി സ്വീകരിച്ചത്, സ്ഥായിയായ
രീതിയില്‍ എത്രത്തോളം മുന്നോട്ടു പോകുന്നു എന്നിവയാണ് ഈ മൂന്നു മേഖലകള്‍.
ഈ മൂന്നു മേഖലകളിലേയും സമീപന രീതികളും ബിസിനസ് ചട്ടക്കൂടുകള്‍
വികസിപ്പിക്കലും ആയിരിക്കും ഭാവിയിലെ വിജയത്തെ നിര്‍ണയിക്കുക. ഏതു
മേഖലയിലെ കമ്പനിയായാലും അവരുടെ ഉപഭോക്താക്കളുടെ രീതികള്‍
നിരീക്ഷിക്കുകയും അവരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുകയും അവരുടെ
പ്രതീക്ഷകള്‍ക്കൊപ്പം എത്താനായി ഒരു ചുവടു മുന്‍കൂട്ടി നീങ്ങുകയും ചെയ്യണം.
ഈ മഹാമാരി ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും പ്രതീക്ഷിച്ചിരിക്കാത്ത
മാറ്റങ്ങളാണ് വരുത്തിയത്. നാം എങ്ങനെ ജീവിക്കുകയും ജോലി ചെയ്യുകയും
ചെയ്യുന്നു എന്നതു മുതല്‍ എങ്ങനെ ബിസിനസ് ആശയ വിനിമയങ്ങള്‍ നടക്കുന്നു
എന്നതിലും ഉപഭോക്താക്കള്‍ എങ്ങനെ സേവനങ്ങളും ഉല്‍പന്നങ്ങളും വാങ്ങുന്നു
എന്നതിലും വരെ ഈ മാറ്റങ്ങള്‍ ദൃശ്യമാണ്.
ഈ മാറ്റങ്ങള്‍ക്കൊത്ത വിധമാണ് ബിസിനസുകള്‍ ഇതിനകം തന്നെ
പ്രവര്‍ത്തിക്കുന്നതെന്നാണ് ഫെഡ്എക്സ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഭാവിയില്‍
എന്ത് എന്നതിനു മറുപടി നല്‍കാന്‍ കഴിവുള്ള പ്രവര്‍ത്തനങ്ങളാണ് കമ്പനികള്‍ കാഴ്ച
വെക്കുന്നതെന്നാണ് 87 ശതമാനത്തോളം പേര്‍ പ്രതികരിച്ചത്.
സ്ഥായിയായ രീതിയിലെ ചിന്താഗതി എന്നത് തെരഞ്ഞെടുക്കാവുന്ന ഒന്നല്ല എന്നും
ബിസിനസ് വിജയത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഭാവിയിലേക്കുള്ള മാറ്റങ്ങള്‍ പരിസ്ഥിതി അവബോധത്തോടെയാണെന്ന് 75 ശതമാനം
പേരും സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഇക്കാര്യം നിര്‍ണായക പങ്കു വഹിക്കുന്നു എന്ന് 71 ശതമാനം പേരാണ് ചൂണ്ടിക്കാട്ടിയത്. വ്യക്തികളുടേയും ബിസിനസുകളുടേയും കാര്യത്തില്‍ സാങ്കേതികവിദ്യ എണ്ണമറ്റ സാധ്യതകളാണു നല്‍കുന്നതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.