ഫെബ്രുവരിയില്‍ റീട്ടെയ്ല്‍ വില്‍പ്പന പ്രീ കോവിഡ് കാലത്തിന്‍റെ 93% ലേക്ക് തിരിച്ചെത്തി
1 min readകണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ക്വിക്ക് സര്‍വീസ് റെസ്റ്റോറന്‍റുകള്‍ (ക്യുഎസ്ആര്‍) വിഭാഗങ്ങള്‍ മികച്ച പോസിറ്റിവ് വളര്‍ച്ചയിലേക്ക് തിരിച്ചെത്തി
ന്യൂഡെല്‍ഹി: രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയില്‍ കൊറോണ സൃഷ്ടിച്ച വളര്‍ച്ചാ ഇടിവില്‍ നിന്നുള്ള വീണ്ടെടുപ്പ് പൂര്‍ണമാകുന്നുവെന്ന് വിലയിരുത്തല്‍. മിക്ക റീട്ടെയ്ല്‍ വില്‍പ്പന വിഭാഗങ്ങളും കഴിഞ്ഞ മാസങ്ങളില്‍ ഗണ്യമായ പുരോഗതി വില്‍പ്പനയില്‍ കാണിക്കാന്‍ തുടങ്ങി. റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (റായ്) സംഘടിപ്പിച്ച റീട്ടെയ്ല്‍ ബിസിനസ് സര്‍വെയുടെ 13-ാം പതിപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ റീട്ടെയ്ല്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ വില്‍പ്പനയില്‍ നിന്ന് 7 ശതമാനം മാത്രം കുറവാണ്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ വില്‍പ്പന മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 18 ശതമാനം ഇടിവാണ് പ്രകടമാക്കിയിരുന്നത്.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ക്വിക്ക് സര്‍വീസ് റെസ്റ്റോറന്‍റുകള്‍ (ക്യുഎസ്ആര്‍) എന്നിവ 2021 ഫെബ്രുവരിയില്‍ യഥാക്രമം 15 ശതമാനത്തിന്‍റെയും 18 ശതമാനത്തിന്‍റെയും പോസിറ്റീവ് വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ കൈവരിച്ചു. പാദരക്ഷ, സൗന്ദര്യം, വെല്‍നസ്-പെഴ്സണല്‍ കെയര്‍, കായിക വസ്തുക്കള്‍, ഭക്ഷണം, പലചരക്ക് തുടങ്ങിയ വിഭാഗങ്ങള്‍ ഇപ്പോള്‍ തുടര്‍ച്ചയായി പ്രതിമാസ വര്‍ധന പ്രകടമാക്കുന്നുണ്ട്. മാര്‍ച്ചില്‍ ഇവ വാര്‍ഷികാടിസ്ഥാനത്തില്‍ പോസിറ്റിവ് വളര്‍ച്ചയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.
“വ്യത്യസ്ത വിഭാഗങ്ങളിലുടനീളം വീണ്ടെടുക്കല്‍ കാണുന്നത് സന്തോഷകരമാണ്. കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ചില സംസ്ഥാനങ്ങളില്‍ ഉണ്ടെങ്കിലും വാക്സിന്‍ വിതരണം വ്യാപകമാകുന്നതിനാല്‍ വളര്‍ച്ചാ വേഗത്തെ ബാധിക്കാനിടയില്ല,’. റീട്ടെയില്‍ വ്യവസായത്തിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിച്ച റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (റായ്) സിഇഒ കുമാര്‍ രാജഗോപാലന്‍ പറഞ്ഞു,
‘നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഓരോ റീട്ടെയ്ലറും വിവിധ തരത്തില്‍ ഫിജിറ്റല്‍ രീതി സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. തങ്ങളുടെ സാധാരണ ചാനലുകള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ, മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍, അല്ലെങ്കില്‍ ഡിജിറ്റല്‍ ഷോപ്പിംഗ് എന്നിവയിലേക്കും ചുവടുവെക്കണം. സാധാരണക്കാരന്‍റെ മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മനോഭാവങ്ങളുമായി പൊരുത്തപ്പെടാന്‍ ഇത് അനിവാര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ഇന്ത്യയില്‍ മേഖലയിലുടനീളം വീണ്ടെടുക്കല്‍ സ്ഥിരമായ പുരോഗതി കാണിക്കുന്നു. ഫെബ്രുവരി മാസത്തില്‍ രണ്ട് ശതമാനം വളര്‍ച്ചയുണ്ടായി. കോവിഡ് -19 ന് മുമ്പുള്ള വില്‍പ്പനയില്‍ യഥാക്രമം 6 ശതമാനത്തിന്‍റെയും 9 ശതമാനത്തിന്‍റെയും കുറവ് മാത്രമാണ് ദക്ഷിണ മേഖലയിലും ഉത്തര മേഖലയിലും ഉണ്ടായത്.
2021-ന്‍റെ ആദ്യ ആറുമാസങ്ങളില്‍ കൊറൊണയ്ക്ക് മുന്‍പുള്ള തലത്തിലേക്ക് എല്ലാ ചെറുകിട വില്‍പ്പന വിഭാഗങ്ങളും എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്രണ്ട് ലൈന്‍ റീട്ടെയില്‍ തൊഴിലാളികള്‍ക്ക് കോവിഡ് -19 വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്ന് റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (റായ്) ആരോഗ്യ-ക്ഷേമ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു.