ഫേസ്ബുക്ക് ആസ്ഥാനം കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രം
കൊവിഡ് കുത്തിവെപ്പ് ഊര്‍ജിതമാക്കാനുള്ള യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയാണ് ഫേസ്ബുക്ക്
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: മെന്‍ലോ പാര്‍ക്കിലെ തങ്ങളുടെ ആസ്ഥാനത്തിന്റെ ഒരു ഭാഗം കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി സജ്ജീകരിക്കുകയാണെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചു. കൊവിഡ് 19 കുത്തിവെപ്പ് ഊര്‍ജിതമാക്കാനുള്ള യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഫേസ്ബുക്ക്. ഇക്കാര്യത്തില്‍ റാവന്‍സ്‌വുഡ് കുടുംബാരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി.
മാത്രമല്ല, കാലിഫോര്‍ണിയ സംസ്ഥാന സര്‍ക്കാരുമായും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകളുമായും സഹകരിക്കുമെന്ന് ഷെറില്‍ സാന്‍ഡ്ബര്‍ഗ് വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് 19 ഏറ്റവുമധികം ബാധിച്ച നാല് പ്രദേശങ്ങളിലൊന്നില്‍ സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനാണ് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്.
കൊവിഡ് വാക്സിനുകള്‍ ചര്‍ച്ച ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് ലേബലുകള്‍ നല്‍കുമെന്ന് കഴിഞ്ഞ മാസം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച പുതിയ ടൂളുകള്‍ അവതരിപ്പിക്കുകയും ചെയ്തു. അമ്പത് ദശലക്ഷം പേര്‍ക്ക് കൊവിഡ് 19 വാക്സിനുകള്‍ ലഭിക്കുന്നതിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. മാത്രമല്ല, കൊവിഡ് 19 വാക്സിനുകള്‍ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.
കൊവിഡ് 19 വാക്സിനുകളുടെ സുരക്ഷിതത്വം ചര്‍ച്ച ചെയ്യുന്ന പോസ്റ്റുകള്‍ക്കാണ് ലേബല്‍ ചേര്‍ക്കുന്നത്. അതായത്, കൊവിഡ് 19 വാക്സിനുകള്‍ക്ക് അനുമതി ലഭിക്കുന്നതിന് മുമ്പ് സുരക്ഷിതത്വവും ഫലപ്രാപ്തിയും സംബന്ധിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി ചര്‍ച്ച ചെയ്യുന്ന പോസ്റ്റുകളാണ് പ്രോത്സാഹിപ്പിക്കുന്നത്.