കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഉപകരണങ്ങള്‍ നല്‍കും
1 min readന്യൂഡെല്‍ഹി: ജല്‍ ജീവന്‍ മിഷന്റെ (ജെജെഎം) കീഴിലുള്ള വീടുകളില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പോര്‍ട്ടബിള്‍ ജല പരിശോധന ഉപകരണങ്ങള്‍ നല്‍കാന്‍ കേന്ദ്ര ജല്‍ ശക്തി മന്ത്രാലയം തീരുമാനിച്ചു. നിര്‍ദ്ദിഷ്ട ഉപകരണത്തിനായി കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതായി ജല്‍ ശക്തി സെക്രട്ടറി പങ്കജ് കുമാര്‍ വെളിപ്പെടുത്തി. തദ്ദേശീയമായി നിര്‍മിച്ചതും താങ്ങാനാവുന്നതുമായ ജലപരിശോധനാ കിറ്റാണിത്. 2020 ഓഗസ്റ്റ് 15 ന് ആരംഭിച്ച ജെജെഎം ജല്‍ ശക്തി മന്ത്രാലയത്തിന്റെ ദേശീയ ജല്‍ ജീവന്‍ മിഷന്‍ (എന്‍ജെജെഎം) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
2024 ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും സ്ഥിരമായി ഉയര്‍ന്ന നിലവാരമുള്ള പൈപ്പ് വെള്ളം ലഭ്യമാക്കാനാണ് ജെജെഎം ശ്രമിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാകുമെന്ന് എന്‍ജെജെഎമ്മിന്റെ മിഷന്‍ ഡയറക്ടര്‍ ഭരത് ലാല്‍ സൂചന നല്‍കി. ഉപകരണങ്ങള്‍ സംഭരിച്ച് പദ്ധതി മുന്ന്ോട്ടു കൊണ്ടുപോകേണ്ടത് സംസ്ഥാനത്തിന്റെയും പ്രാദേശിക അധികാരികളുടെയും ഉത്തരവാദിത്തം ആയിരിക്കും.
ജെജെഎമ്മിന് കീഴില്‍ നല്‍കുന്ന പൈപ്പ് വെള്ളത്തിന്റെ ഉപയോക്തൃ നിരക്ക് / സേവന നിരക്ക് ഈടാക്കാന്‍ ഗ്രാമപഞ്ചായത്തുകളെയും പ്രാദേശിക അധികാരികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും മന്ത്രാലയം പ്രോത്സാഹിപ്പിക്കും. ഉപയോക്തൃ നിരക്ക് ഈടാക്കുന്നതിനുള്ള തീരുമാനം പൂര്‍ണമായും പ്രാദേശിക അധികാരികളുടെയും സംസ്ഥാനങ്ങളുടെയും ആയിരിക്കുമെന്ന് ലാല്‍ പറഞ്ഞു. ജലം ഒരു സംസ്ഥാന വിഷയമാണ്. കേന്ദ്ര ബജറ്റ് 2021-22 ല്‍ ജല്‍ ശക്തി മന്ത്രാലയത്തിന് ഫണ്ട് അനുവദിച്ചതില്‍
ഉന്നത ഉദ്യോഗസ്ഥര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ജലവിഭവ, നദി വികസന, ഗംഗ പുനരുജ്ജീവന വകുപ്പിനുള്ള ബജറ്റ് വിഹിതം 2020-21ല്‍ 7,262 കോടിയില്‍ നിന്ന് 9,022 കോടി രൂപയായി ഉയര്‍ത്തി. നിര്‍ണായക ജലസേചന പദ്ധതികള്‍ക്കായി 5,130 കോടി രൂപയും നല്‍കണം. ഇതോടെ ആകെ വിഹിതം 14,152 കോടി രൂപ ആയി.മൈക്രോ ഇറിഗേഷനുള്ള തുക ഇരട്ടിയാക്കി 10,000 കോടിയായി ഉയര്‍ത്തി. അടല്‍ ഭൂജല്‍ യോജനയ്ക്ക് 330 കോടി രൂപയാണ് വകയിരുത്തുന്നത്. ഹരിയാന ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ 78 ജില്ലകളും 8,350 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പദ്ധതി.