എല്ലാ റാഫേല്‍ പോര്‍വിമാനങ്ങളും 2022 ഏപ്രിലിനുമുന്‍പെത്തും
ന്യൂഡെല്‍ഹി: കരാര്‍ പ്രകാരമുള്ള എല്ലാ റാഫേല്‍ യുദ്ധവിമാനങ്ങളും 2022 ഏപ്രില്‍ മാസത്തോടെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചോടെ 7 റാഫേലുകള്‍കൂടി ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലെത്തും. നിലവില്‍ ഇവയുടെ 11 യുദ്ധവിമാനങ്ങളാണ് വ്യോമസേനയിലുള്ളത്.
ജനുവരി 27 ന്ാണ് മൂന്ന് റാഫേലുകള്‍ ഇന്ത്യയിലെത്തിയത്. അവ മുന്‍പെത്തിയ എട്ട് വിമാനങ്ങള്‍ക്കൊപ്പം ചേര്‍ത്തു. ഫ്രാന്‍സിലെ ഇസ്‌ട്രെസ് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ 7,000 കിലോമീറ്റര്‍ നിര്‍ത്താതെ പറന്നാണ് ഇന്ത്യയിലെത്തിയത്. അന്തരീക്ഷത്തില്‍വെച്ച് ഇന്ധനം നിറച്ചാണ് ഇവ പറന്നത്. രാജ്യത്തെത്തുന്ന റാഫേലിന്റെ മൂന്നാമത്തെ ബാച്ചാണിത്. ഫ്രഞ്ച് കമ്പനിയായ ഡസ്സോള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ കോംബാറ്റ് വിമാനം നിര്‍മിക്കുന്നത്.റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യക്ക് ലഭിച്ചത് 2020 ജൂലൈ 29 നായിരുന്നു. അവ സെപ്റ്റംബര്‍ 10 ന് അംബാല എയര്‍ ബേസില്‍ 17 ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിലേക്ക് ഉള്‍പ്പെടുത്തി.
59,000 കോടി രൂപ ചെലവില്‍ 36 റാഫേല്‍ ജെറ്റുകള്‍ വാങ്ങാന്‍ മോദിസര്‍ക്കാരാണ് ഫ്രാന്‍സുമായി കരാറിലെത്തിയത്. 4.5 തലമുറ വിമാനമാണ് റാഫേല്‍. ഏറ്റവും പുതിയ ആയുധങ്ങള്‍, മികച്ച സെന്‍സറുകള്‍ എന്നിവയെല്ലാം ഘടിപ്പിച്ചതാണ് ഈ യുദ്ധവിമാനം. ഒരു തവണ കുറഞ്ഞത് നാല് ദൗത്യങ്ങളെങ്കിലും നിറവേറ്റാന്‍ കഴിയുന്നവയാണ് ഈ അത്യന്താധുനീക പോര്‍ വിമാനങ്ങള്‍. ഇവയില്‍ ഹമ്മര്‍ മിസൈലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. കാഴ്ചപരിധിക്കപ്പുറത്തുനിന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ള ഇവ വളരെ അകലെ നിന്നും ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതില്‍ മുന്‍പന്തിയിലാണ്.