സ്റ്റാര്‍ട്ടപ്പ്, സംരംഭക ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി എമിറേറ്റ്‌സും ഷെറയും കൈകോര്‍ക്കുന്നു
1 min readഷാര്‍ജ സംരംഭകോല്‍സവത്തില്‍ പങ്കെടുക്കുന്നവര്ക്കുന്നവര്
ക്കും ഷെറാ ഉദ്യമങ്ങളിലൂടെ യുഎഇയിലേക്ക് ആസ്ഥാനം മാറ്റുന്നവര്‍ക്കും എമിറേറ്റ്‌സ് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ അനുവദിക്കും.
ദുബായ് : യുഎഇയിലെ സംരംഭക ആവാസ വ്യവസ്ഥ കൂടുതല്‍ ശക്തമാക്കുന്നതിനായി ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനിയും ഷാര്‍ജ സംരംഭകത്വ കേന്ദ്രവും (ഷെറ) കരാറില്‍ ഒപ്പുവെച്ചു. ഷെറയുടെ ഔദ്യോഗിക പങ്കാളിയെന്ന നിലയില്‍ ഷാര്‍ജ സംരംഭകോല്‍സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ഷെറ ഉദ്യമങ്ങളുടെ ഭാഗമായി യുഎഇിലേക്ക് ഓഫീസ് മാറ്റുന്ന സംരംഭങ്ങള്‍ക്കും ടിക്കറ്റ് ഇളവ് നല്‍കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.
എമിറേറ്റ്‌സ് ശൃംഖലയിലുള്ള 90 ഓളം ലക്ഷ്യസ്ഥാനങ്ങളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകള്‍ക്കാണ് ഇളവ് അനുവദിക്കുക. ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുഎഇയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയാണ് പങ്കാളിത്തത്തിലൂടെ ഇരുസ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. ഷെറയുമായി കൈകോര്‍ത്ത് പ്രാദേശിക, അന്താരാഷ്ട്ര തലത്തില്‍ റോഡ്‌ഷോകളും ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കാനും എമിറേറ്റ്‌സ് പദ്ധതിയിടുന്നുണ്ട്. എമിറേറ്റ്‌സ്-ഷെറ പങ്കാളിത്തം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുഎഇയില്‍ കൂടുതല്‍ വിപണി അവസരങ്ങള്‍ തുറന്ന് കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.
യാത്രാ, വ്യോമയാന ആവാസവ്യവസ്ഥയിലുള്ള നൂതന സംരംഭങ്ങളെയും പദ്ധതികളെയും എമിറേറ്റ്‌സ് എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും വിവിധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരെ ആകര്‍ഷീണമായ അന്തരീക്ഷം ഷാര്‍ജയിലും യുഎഇയിലും ഒരുക്കാനുള്ള ഉദ്യമത്തില്‍ ഷെറയുമായി ഒന്നിക്കുന്നതില്‍ എമിറേറ്റ്‌സിന് സന്തോഷമുണ്ടെന്നും എമിറേറ്റ്‌സ് സിഒഒ അദ്‌നാം ഖാസിം വ്യക്തമാക്കി. ഇതിന് മുമ്പും യുഎഇയിലെ ഇന്നവേഷന്‍ മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള പദ്ധതികളില്‍ എമിറേറ്റ്‌സ് പങ്കാളിയായിട്ടുണ്ട് 2016ല്‍ ജിഇയുമായും എതിസലാതുമായും ചേര്‍ന്ന് എമിറേറ്റ്‌സ് ഇന്റെലാക് ഉദ്യമത്തിന് തുടക്കമിട്ടിരുന്നു. ദുബായിലെ യാത്ര, വ്യോമയാന മേഖലയിലെ നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുകൂലമായ സംരംഭക അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
യുഎഇയുടെ സംരംഭക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി തന്ത്രപ്രധാന പങ്കാളായി എമിറേറ്റ്‌സിനെ ഷെറയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഷെറ സിഇഒ നജില അല്‍ മിദ്ഫ പറഞ്ഞു. പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഏതാണ്ട് 114ഓളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഷേറ പിന്തുണ നല്‍കിയിട്ടുണ്ട്.