ഇമാർ മാൾസ് സിഇഒ രാജീവ് സൂരി രാജിവെച്ചു
ദുബായ്: ദുബായ് ആസ്ഥാനമായ ഇമാർ മാൾസ് സിഇഒ രാജീവ് സൂരി രാജി വെച്ചു. സിഇഒ ആയി ചുമതലയേറ്റെടുത്ത് നാല് മാസങ്ങൾക്കുള്ളിലാണ് സൂരിയുടെ രാജി. ജനുവരി 12ന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിന് സമർപ്പിച്ച റെഗുലേറ്ററി ഫയലിംഗിൽ സൂരിയുടെ രാജിക്കാര്യം ഇമാർ മാൾസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈസ് ചെയർമാൻ അഹമ്മദ് താനി അൽ മത്രൂഷി ഒപ്പിട്ട ഫയലിംഗിൽ രാജി അടിയന്തരമായി പ്രാബല്യത്തിൽ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രാജിവെക്കാനുണ്ടായ സാഹചര്യം കമ്പനി വിശദീകരിച്ചിട്ടില്ല.
സൂരിയുടെ അഭാവത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇമാർ പ്രോപ്പർട്ടീസിന്റെ ഗ്രൂപ്പ് സിഇഒ അമിത് ജെയിൻ ഇമാർ മാൾസ് സിഇഒയുടെ അധികച്ചുമതല വഹിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് രാജീവ് സൂരി ഇമാർ മാൾസ് സിഇഒ ആയി നിയമിതനായത്. സൂരിക്ക് മുമ്പ് ഒരു വർഷക്കാലം പാട്രിക് ബാസ്കറ്റ് ഷാവെൻ ആയിരുന്നു ഇമാർ മാൾസ് സിഇഒ.
2020 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസ കാലയളവിൽ 2.493 ബില്യൺ ദിർഹമാണ് ഇമാർ മാൾസ് വരുമാനമായി റിപ്പോർട്ട് ചെയ്തത്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വരുമാനത്തിൽ 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2020ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇമാർ മാൾസിന്റെ അറ്റാദായം 586 മില്യൺ ദിർഹമാണ്. അറ്റാദായത്തിലും മുൻവർഷത്തെ അപേക്ഷിച്ച് 66 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
ഇമാർ പ്രോപ്പർട്ടീസിന്റെ ഭാഗമായ ഇമാർ ഡെവലപ്മെന്റിന്റെ പുതിയ ചെയർമാനായി എമിറേറ്റ്സ് എയർലൈൻ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ആയിരുന്ന അദ്നാൻ ഖാസിമിനെയും ഇമാർ പ്രോപ്പർട്ടീസിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി ജമാൽ ബിൻ തെനിയയെയും കഴിഞ്ഞിടെ നിയമിച്ചിരുന്നു.