ഏഴ് വര്‍ഷങ്ങള്‍ക്കിടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഈജിപ്ത് 100 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചു
2016ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നുവരികയാണ്.
കെയ്‌റോ: ഏഴ് വര്‍ഷങ്ങള്‍ക്കിടെ അടിസ്ഥാനസൗകര്യ പദ്ധതികളിലുള്ള ചിലവിടല്‍ 1.7 ട്രില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് (100 ബില്യണ്‍ ഡോളര്‍) കവിഞ്ഞതായി ഈജിപ്തിലെ ആസൂത്രണ, സാമ്പത്തിക വികസന വകുപ്പ് മന്ത്രി ഹല അല്‍ സയീദ്. പകര്‍ച്ചവ്യാധി ആരംഭിക്കുന്നതിന് മുമ്പ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സാധിച്ചതായി മന്ത്രി അവകാശപ്പെട്ടു.
2016 അവസാനത്തോടെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ പദ്ധതി ഈജിപ്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ശക്തി പകര്‍ന്നതായി മന്ത്രി പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വിദേശനാണ്യ കരുതല്‍ ശേഖരത്തിനായി പ്രധാനമായും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തെയാണ് ഈജിപ്ത് ആശ്രയിക്കുന്നത്. സൂയസ് കനാലില്‍ നിന്നുള്ള വരുമാനം, വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഈജിപ്ഷ്യന്‍ പൗരന്മാര്‍ നാട്ടിലേക്ക് അയക്കുന്ന പ്രവാസിപ്പണം എന്നിങ്ങനെ 29 ബില്യണ്‍ ഡോളറിന്റെ വരുമാനം കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തി. ഈ വര്‍ഷം അവസാനത്തോടെ അത് 30 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വരുമാനത്തിനായി ടൂറിസം മേഖലയെയും ഈജിപ്ത് കാര്യമായി ആശ്രയിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധിക്ക് മുമ്പ് റെക്കോഡ് വരുമാനമാണ് ഈജിപ്തിലെ ടൂറിസം മേഖല സ്വന്തമാക്കിയത്. തദ്ദേശീയ ടൂറിസം മേഖല വളര്‍ച്ചയിലേക്ക് തിരിച്ച് വരികയാണെന്നും മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ടൂറിസം വരുമാനം 8 ബില്യണ്‍ ഡോളറാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഈജിപ്തിലെ സോവറീന്‍ ഫണ്ടിന്റെ ചെയര്‍മാന്‍ കൂടിയാണ് ഹല അല്‍ സയീദ്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിടുന്ന ഒരു ഉപ ഫണ്ട് ഈ സോവറീന്‍ ഫണ്ടിനുണ്ട്. മേഖലയിലെ തന്നെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റോര്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഫണ്ട്.