നേരത്തെ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രമേഹത്തെ അകറ്റിനിര്‍ത്താം
രാവിലെ എട്ടരയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും സ്വാധീനി്ക്കുന്നു
നേരത്തെയുറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്നത് വ്യക്തികള്‍ക്ക് ആരോഗ്യവും സമ്പത്തും ബുദ്ധിയും പ്രദാനം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. പക്ഷേ നേരത്തെ ഭക്ഷണം കഴികുന്നത് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമോ. ഉണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. നേരത്തെ ആഹാരം കഴിക്കുന്നവര്‍ക്ക് പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താമെന്നാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍.
ഇന്റെര്‍മിറ്റന്റ് ഡയറ്റും നേരത്തെ ഭക്ഷണം കഴിക്കുന്ന ശീലവും രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ പ്രതിരോധവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒരു പഠനമാണ് കണ്ടെത്തിയിരിക്കുന്നത്. രാവിലെ എട്ടരയ്ക്ക് മുമ്പ് ഭക്ഷണം കഴിച്ച ആളുകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ പ്രതിരോധവും കുറഞ്ഞ അളവിലാണ് രേഖപ്പെടുത്തിയതെന്നും ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനസംഘം നിരീക്ഷിച്ചു.
പാന്‍ക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരീരം പ്രതികരിക്കാതിരിക്കുകയും ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നതിനെയാണ് ഇന്‍സുലിന്‍ പ്രതിരോധമെന്ന് വിളിക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധമുള്ള ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഇന്‍സുലിന്‍ പ്രതിരോധവും രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവും ഒരു വ്യക്തിയിലെ ഭക്ഷണത്തെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങളാക്കി മാറ്റുന്ന ശാരീരിക ഉപാപചയത്തെ ബാധിക്കും. ഈ സാധാരണ പ്രക്രിയയ്ക്ക് തടസമുണ്ടാകുമ്പോഴാണ് പ്രമേഹം പോലുള്ള മെറ്റബോളിക് ഡിസോഡറുകള്‍ ഉണ്ടാകുന്നത്. പ്രമേഹം പോലുള്ള മെറ്റബോളിക് ഡിസോഡറുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോഷകാഹാരത്തില്‍ നാം സ്വീകരിക്കേണ്ട നയങ്ങളെയും മാറ്റങ്ങളെയും കുറിച്ച് ചിന്തിക്കണമെന്ന് ചിക്കാഗോയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകയായ മരിയം അലി പറയുന്നു.
ഭക്ഷണ സമയത്തിലുള്ള നിയന്ത്രണം അതായത്, ഓരോ ദിവസവും ചുരുങ്ങിയ സമയപരിധിയിലുള്ള ഭക്ഷണക്രമം ശാരീരിക ഉപാപചയത്തിന് ഗുണം ചെയ്യുമെന്ന് മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസത്തെ ബാധിക്കുമോ എന്ന് കണ്ടെത്താനായിരുന്നു മരിയം അലിയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ ശ്രമം. നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയില്‍ പങ്കെടുത്ത 10,575 മുതിര്‍ന്നവരുടെ ആരോഗ്യ വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. ഭക്ഷണം കഴിക്കുന്നതിന്റെ സമയത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് മണിക്കൂറില്‍ താഴെ, പത്ത് മുതല്‍ പതിമൂന്ന് മണിക്കൂര്‍ വരെ, പതിമൂന്ന് മണിക്കൂറില്‍ കൂടുതല്‍ എന്നിങ്ങനെ ഇവരെ ഗവേഷകര്‍ മൂന്ന് ഗ്രൂപ്പായി തിരിച്ചു. ഭക്ഷണം കഴിക്കുന്നതിന്റെ ദൈര്‍ഘ്യവും സമയവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും സ്വാധീനിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഗവേഷകരുടെ ശ്രമം. ഭക്ഷണം കഴിക്കുന്നതിന്റെ ദൈര്‍ഘ്യവും കഴിക്കാനാരംഭിക്കുന്ന സമയവും(എട്ടരക്ക് മുമ്പ്, ശേഷം) അടിസ്ഥാനമാക്കി പിന്നീടിവരെ ആറ് ഉപഗ്രൂപ്പുകളാക്കി.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൈര്‍ഘ്യവും സമയവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും സ്വാധീനിക്കുന്നുണ്ടോയെന്ന് ഗവേഷകര്‍ വിലയിരുത്തി. ഭക്ഷണത്തിന് മുമ്പുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വിവിധ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ആളുകള്‍ തമ്മില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന് അവര്‍ കണ്ടെത്തി. ഭക്ഷണം കഴിക്കുന്നതിന്റെ ദൈര്‍ഘ്യം കുറയുമ്പോള്‍ ഇന്‍സുലിന്‍ പ്രതിരോധവും കൂടി. എന്നാല്‍ രാവിലെ എട്ടരയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്ന എല്ലാ ഗ്രൂപ്പുകളില്‍ പെട്ട ആളുകളിലും ഇന്‍സുലിന്‍ പ്രതിരോധം കുറയുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഭക്ഷണം കഴിക്കുന്നതിന്റെ ദൈര്‍ഘ്യത്തേക്കാഴും കഴിക്കുന്ന സമയം മെറ്റബോളിസത്തില്‍ കാര്യമായ സ്വാധീനം ചിലത്തുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നതെന്ന് മരിയം പറഞ്ഞു.