November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഎസ് 6 ഡുകാറ്റി സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ്, സ്‌ക്രാംബ്ലര്‍ ഡെസര്‍ട്ട് സ്ലെഡ് പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില യഥാക്രമം 9.80 ലക്ഷം രൂപ, 10.89 ലക്ഷം രൂപ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡുകാറ്റി സ്‌ക്രാംബ്ലര്‍ കുടുംബത്തില്‍ രണ്ട് പുതിയ ബിഎസ് 6 മോഡലുകള്‍ അവതരിപ്പിച്ചു. സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ്, സ്‌ക്രാംബ്ലര്‍ ഡെസര്‍ട്ട് സ്ലെഡ് എന്നീ ബൈക്കുകളാണ് വിപണിയിലെത്തിച്ചത്. സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് മോട്ടോര്‍സൈക്കിളിന് 9.80 ലക്ഷം രൂപയും പുതിയ ബിഎസ് 6 ഡെസര്‍ട്ട് സ്ലെഡ് മോഡലിന് 10.89 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. സ്‌ക്രാംബ്ലര്‍ ‘കഫേ റേസര്‍’, ‘ഫുള്‍ ത്രോട്ടില്‍’ വേരിയന്റുകള്‍ക്ക് പകരമാണ് നൈറ്റ്ഷിഫ്റ്റ് വരുന്നത്. കൊച്ചിയിലെ ഉള്‍പ്പെടെ എല്ലാ ഡുകാറ്റി ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. വൈകാതെ ഡെലിവറി ആരംഭിക്കും.

ഇരു മോഡലുകളും ഒരേ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 803 സിസി, എല്‍ ട്വിന്‍, 2 വാല്‍വ് എന്‍ജിന്‍ 8,250 ആര്‍പിഎമ്മില്‍ 73 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 66.2 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ബ്ലാക്ക് ഫിനിഷ് ലഭിച്ചതാണ് എന്‍ജിന്‍. സ്ലിപ്പര്‍ ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.

കഫേ റേസര്‍ സ്റ്റൈല്‍ ക്ലിപ്പ് ഓണുകള്‍ക്ക് പകരം വീതിയേറിയ അലുമിനിയം ഹാന്‍ഡില്‍ബാര്‍, കഫേ റേസര്‍ സ്റ്റൈല്‍ സീറ്റ്, മുന്നില്‍ മുറിച്ചതുപോലെ മഡ്ഗാര്‍ഡ് എന്നിവ സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് മോട്ടോര്‍സൈക്കിളില്‍ കാണാം. പിറകിലെ മഡ്ഗാര്‍ഡ് പൂര്‍ണമായും ഒഴിവാക്കി. സ്‌പോക്ക് വീലുകള്‍ ലഭിച്ച നൈറ്റ്ഷിഫ്റ്റ് മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത് പിറെല്ലി എംടി60 ടയറുകളാണ്.

പുതിയ നിറം, ലിവറി എന്നിവയോടെയാണ് സ്‌ക്രാംബ്ലര്‍ ഡെസര്‍ട്ട് സ്ലെഡ് വരുന്നത്. ഇന്ധന ടാങ്കിലും മഡ്ഗാര്‍ഡുകളിലും ചുവപ്പ്, വെളുപ്പ് നിറ സാന്നിധ്യത്തോടെ ‘സ്പാര്‍ക്ലിംഗ് ബ്ലൂ’ ലിവറിയാണ് നല്‍കിയത്. കൂടുതല്‍ സസ്‌പെന്‍ഷന്‍ ട്രാവല്‍ ലഭിച്ചതാണ് ഡെസര്‍ട്ട് സ്ലെഡ്. മുന്നിലും പിന്നിലും 200 എംഎം ട്രാവല്‍ ചെയ്യും. മുന്നില്‍ ഉയര്‍ന്ന മഡ്ഗാര്‍ഡ്, പിറകില്‍ നീളമേറിയ ഫെന്‍ഡര്‍ എന്നിവ നല്‍കി. ഡുകാറ്റി സ്‌ക്രാംബ്ലര്‍ കുടുംബത്തിലെ ഓഫ് റോഡ് സ്‌പെക് മോഡലാണ് ഡെസര്‍ട്ട് സ്ലെഡ്. ബിഎസ് 6 ഡെസര്‍ട്ട് സ്ലെഡ് മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങളില്ല. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് വ്യാസമുള്ള സ്‌പോക്ക് വീലുകളിലാണ് ഓടുന്നത്. പിറെല്ലി സ്‌കോര്‍പ്പിയോണ്‍ റാലി എസ്ടിആര്‍ ടയറുകള്‍ ഉപയോഗിക്കുന്നു.

Maintained By : Studio3