ദുബായ് ടൂറിസവും സൗദി ഉല്‍പ്പന്നങ്ങളും നിക്ഷേപകശ്രദ്ധ ആകര്‍ഷിക്കും: ടെലിമെര്‍
1 min readമുന്‍നിരയിലുള്ള ചെറിയ വിപണികള്‍ നേട്ടം കൊയ്യും
ദുബായ്: ദുബായ് ടൂറിസവും സൗദി ഉല്‍പ്പന്നങ്ങളും പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള വീണ്ടടുപ്പില്‍ മെച്ചപ്പെട്ട മൂല്യവുമായി നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഉയര്‍ന്നുവരുന്ന വിപണി മേഖലകളില്‍ ഒന്നായി മാറുമെന്ന് ഉയര്‍ന്നുവരുന്ന വിപണികളെ കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനമായ ടെല്ലിമര്‍. ചിലവ് കുറഞ്ഞ സാങ്കേതികവിദ്യ, നിര്‍മാണം, ഉല്‍പ്പന്നങ്ങള്‍, ടൂറിസം തുടങ്ങിയ മേഖലകള്‍ക്കായിരിക്കും കോവിഡാനന്തരം വളരെ പതുക്കെയും സമമല്ലാത്തതുമായ വീണ്ടെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ കിട്ടുകയെന്നും ഗവേഷണ കുറിപ്പില്‍ ടെലിമെര്‍ നിരീക്ഷിച്ചു.
നിലവിലെ പണപ്പെരുപ്പത്തിന്റെ സാഹചര്യത്തില്‍, ഉയര്‍ന്നുവരുന്ന ചെറിയതും മുന്‍നിരയിലുള്ളതുമായ വിപണികളിലേക്കായിരിക്കും നിക്ഷേപകകര്‍ക്ക് വലിയ പണച്ചിലവില്ലാതെ കടന്നുചെല്ലാന്‍ കഴിയുക. തദ്ദേശീയ നിക്ഷേപക അടിത്തറയുള്ള ഇത്തരം ചെറിയ, ഉയര്‍ന്നുവരുന്ന വിപണികളില്‍ പ്രാദേശിക പലിശ നിരക്കുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട ലാഭവിഹിതമുണ്ടായിരിക്കും. ഇത്തരം വിപണികളെ ലക്ഷ്യമാക്കിയുള്ള വിദേശ ഫണ്ടുകളുടെ അസാന്നിധ്യത്തില്‍ തദ്ദേശീയ നിക്ഷേപകരില്‍ നിന്നുള്ള പണമൊഴുക്ക് കൂടുതലും ഇവിടങ്ങളിലേക്കായിരിക്കുമെന്ന് ടെലിമറിലെ ഇക്വിറ്റി റിസര്‍ച്ച് വിഭാഗം മേധാവി ഹസ്‌നൈന്‍ മാലിക് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രാദേശിക പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന ലാഭവിഹിതം നിലവിലുള്ള രാജ്യം സൗദി അറേബ്യയാണ്. സൗദി അറേബ്യയില്‍ 7 ശതമാനമാണ് നിരക്ക്. തുടര്‍സ്ഥാനങ്ങളിലുള്ള ഒമാനിലും കുവൈറ്റിലും നിരക്കുകള്‍ യഥാക്രമം 6.5 ശതമാനവും 5.3 ശതമാനവുമാണ്.
വലിയ ഉയര്‍ന്നുവരുന്ന വിപണികളില്‍ സൗദി അറേബ്യ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള വീണ്ടെടുപ്പില്‍ ടെക്‌നോളജിയേക്കാള്‍ നേട്ടമുണ്ടാക്കുക ഉല്‍പ്പന്ന മേഖലയായിരിക്കുമെന്നും ടെലിമര്‍ പറയുന്നു. തായ്‌ലന്‍ഡ് പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലക്കുറവാണ് നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുന്നത്. പകര്‍ച്ചവ്യാധിക്കപ്പുറത്തേക്ക് നോക്കാന്‍ തയ്യാറുള്ളവര്‍ക്ക് ദുബായില്‍ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്.