ദുബായ് ഹെല്‍ത്ത് അതോറിട്ടി കോവിഡ്-19 ആരോഗ്യ വിവരങ്ങള്‍ എമിറേറ്റ്‌സുമായി പങ്കുവെക്കും
1 min readപരിശോധന, വാക്‌സിനേഷന്‍ തുടങ്ങി കോവിഡ്-19നുമായി ബന്ധപ്പെട്ട യാത്രക്കാരുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെക്കുക, സൂക്ഷിക്കുക, സ്ഥിരീകരിക്കുക എന്നിവയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം
ദുബായ്: വിമാന യാത്രക്കാരുടെ കോവിഡ്-19 പരിശോധന, വാക്‌സിനേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ വിവരങ്ങളുടെ ഡിജിറ്റല്‍ വേരിഫിക്കേഷന്‍ നടപ്പിലാക്കുന്ന ലോകത്തെ ആദ്യ നഗരമായി മാറുന്നതിനായി ദുബായ് ഹെല്‍ത്ത് അതോറിട്ടിയും (ഡിഎച്ച്എ) ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഡിഎച്ച്എ അംഗീകൃത ലബോറട്ടറികളുടെ ഐടി സംവിധാനങ്ങള്‍ എമിറേറ്റ്‌സിന്റെ റിസര്‍വേഷന്‍, ചെക്ക്-ഇന്‍ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
യാത്രക്കാരുടെ കോവിഡ്-19നുമായി ബന്ധപ്പെട്ട പരിശോധന, വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള ആരോഗ്യവിവരങ്ങള്‍ സുരക്ഷിതവും നിയമാനുസൃതവുമായി പരസ്പരം പങ്കുവെച്ച് സ്ഥിരീകരണം നടത്തി സൂക്ഷിക്കുകയാണ് ധാരണാപത്രത്തിലൂടെ ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. പദ്ധതി ഉടന്‍ നിലവില്‍ വരുമെന്നും വരും മാസങ്ങളില്‍ തന്നെ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും എമിറേറ്റ്‌സ് അറിയിച്ചു. ലോകത്തിലെ പ്രധാന വ്യോമ ഗതാഗത ഹബ്ബെന്ന നിലയിലും ഇ-ഗവണ്‍മെന്റ് സേവനങ്ങളിലെ ഏറ്റവും പുരോഗതി നേടിയെന്ന നഗരങ്ങളില്‍ ഒന്നെന്ന നിലയിലും കോവിഡ്-19 ആരോഗ്യ വിവരങ്ങളുടെ ഡിജിറ്റല്‍ വേരിഫിക്കേഷന് വേണ്ട ശേഷികള്‍ സമന്വയിപ്പിക്കുകയെന്നത് സ്വാഭാവികമായ കാര്യമാണെന്ന് എമിറേറ്റ്‌സ് ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു. ദുബായ് വിമാനത്താവളത്തില്‍ സമ്പര്‍ക്കരഹിത ഡോക്യുമെന്റ് വേരിഫിക്കേഷന്‍ നടപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് യാത്രക്കാരെ സംബന്ധിച്ച് ഇത് വളരെ സൗകര്യപ്രദമായ ഒന്നാണെന്നും ഷേഖ് അഹമ്മദ് പറഞ്ഞു.
ഇതിനോടകം തന്നെ യാത്രാ വിവരങ്ങള്‍ കൈകാര്യം ചെയ്യാനും കോവിഡ്-19 പരിശോധനയും വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനും യാത്രക്കാരെ സഹായിക്കുന്ന അയാട്ട ട്രാവല്‍ പാസെന്ന മൊബീല്‍ ആപ്പ് പരീക്ഷിക്കുന്നതില്‍ അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയുമായി (അയാട്ട) എമിറേറ്റ്‌സ് സഹകരിക്കുന്നുണ്ട്. യാത്രയ്ക്ക് മുമ്പായി കോവിഡ്-19 പിസിആര്‍ ടെസ്റ്റുകളുടെ സാധുത പരിശോധിക്കുന്നതിനായി അയാട്ട ട്രാവല്‍ പാസിന്റെ ആദ്യഘട്ടം എപ്രിലോടെ ദുബായില്‍ നടപ്പിലാക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ദുബായില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് അവരുടെ കോവിഡ്-19 പരിശോധന വിവരങ്ങള്‍ ആപ്പ് മുഖേന എമിറേറ്റ്‌സിലേക്ക് നേരിട്ട് അയക്കാന്‍ സാധിക്കും. ഇത് പിന്നീട് എമിറേറ്റ്‌സിന്റെ ചെക്ക്-ഇന്‍ സംവിധാനത്തിലേക്ക് തനിയെ എത്തിച്ചേരും.