ശതകോടി പ്രണാമം : വിട വാങ്ങി, മഹാവൈദ്യന്‍
1 min read- ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു
- വിട വാങ്ങിയത് ആയുര്‍വേദത്തെ ലോകനെറുകയിലെത്തിച്ച മഹാന്‍
- ആയുരാരോഗ്യത്തോടെ ജീവിച്ചത് 100 വര്‍ഷം
കോട്ടയ്ക്കല്‍: ആയുര്‍വേദത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച മഹാവൈദ്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തില്‍ വച്ചായിരുന്നു അന്ത്യം. ജൂണ്‍ എട്ടിനാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
1999ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷനും നല്‍കി രാജ്യം പി കെ വാര്യരെ ആദരിച്ചു. ആയുര്‍വേദം ഒരു ചികില്‍സാരീതി മാത്രമല്ല, ജീവിതത്തിന്‍റെ പ്രകാശമുള്ള ശാസ്ത്രമാണെന്ന് വിശ്വസിച്ച വൈദ്യനായിരുന്നു അദ്ദേഹം. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല എന്ന പ്രസ്ഥാനത്തിലൂടെ ആയുര്‍വേദത്തിന്‍റെ ശാസ്ത്രീയതയും നേട്ടങ്ങളും അദ്ദേഹം ലോകത്തെയാകെ ബോധ്യപ്പെടുത്തി. വൈദ്യത്തിന് മാനവികതയുടെ മുഖം നല്‍കിയ മഹാനെന്ന നിലയിലും അദ്ദേഹം വേറിട്ടുനിന്നു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായിരുന്നു. പി കെ വാര്യര്‍ എന്ന് അറിയപ്പെടുന്ന പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ 1921 ജൂണ്‍ അഞ്ചിനായിരുന്നു ജനിച്ചത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.
കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിലായിരുന്നു പഠനം. പി എസ് ആയുര്‍വേദ കോളേജിലായിരുന്നു വൈദ്യപഠനം പൂര്‍ത്തിയാക്കിയത്. 1942ല്‍ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായ അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയെ പുരോഗതിയിലേക്കും ആധുനികതയിലേക്കും നയിക്കാന്‍ പി കെ വാര്യര്‍ക്കായി. പാരമ്പര്യത്തിന്‍റെ മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നൂതനാത്മകതയെ ഉള്‍ക്കൊണ്ടു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ആയുര്‍വേദിക് കോണ്‍ഫറന്‍സ് ആയുര്‍വേദ മഹര്‍ഷി സ്ഥാനം അദ്ദേഹത്തിന് സമര്‍പ്പിക്കുകയുണ്ടായി.
വിദേശീയരെയും ആകര്‍ഷിച്ചു
വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് സുവ്യക്തമായ പങ്കുണ്ട്. പി കെ വാര്യരുടെ നേതൃത്വത്തിലുള്ള ആയുര്‍വേദ ചികില്‍സയുടെ മഹനീയത അനുഭവിക്കാന്‍ കൂടിയായിരുന്നു യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാം സഞ്ചാരികള്‍ ഇങ്ങോട്ട് ഒഴുകിയത്.
ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ പിഎസ് വാര്യരുടെ അനന്തരവന്‍ കൂടിയാണ് ഡോ പികെ വാര്യര്‍. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് വൈദ്യശാല ഏറ്റെടുത്ത് നടത്തിയത്. ആ സംരംഭത്തെ അന്താരാഷ്ട്ര തലത്തിലേയ്ക്ക് വളര്‍ത്തിയെടുക്കുന്നതിലും ഡോ പികെ വാര്യര്‍ നിര്‍ണായക പങ്ക് വഹിച്ചു. ആയുര്‍വേദ ശാസ്ത്രത്തിന് ആധുനിക മുഖം നല്‍കിയ പ്രതിഭ എന്ന രീതിയിലാണ് പികെ വാര്യരെ ലോകം ആദരിക്കുന്നത്.
സ്മൃതി പര്‍വ്വം എന്ന പികെ വാര്യരുടെ ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടും പിന്നീട് രാജ്യത്തിന് പുറത്തേക്കും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത് ഡോ പികെ വാര്യരാണ്.
വിറകടുപ്പില്‍ നിന്നും സ്റ്റീം പ്ലാന്‍റുകളിലേക്കും, കുപ്പിക്കഷായങ്ങളില്‍ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളില്‍ നിന്ന് ജെല്‍ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ഗ്രന്ഥം പുറത്തിറക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. വിലമതിക്കാനാകാത്ത സംഭാവനയാണിത്-മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളില്‍ നിന്നുതന്നെ പി കെ വാര്യര്‍ ആയുര്‍വേദത്തെ ആധുനികവല്‍ക്കരിച്ചത് വായിച്ചെടുക്കാം.
മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്‍റെ മുഖമുദ്രയായി എന്നും മുഖ്യമന്ത്രി ഓര്‍ത്തു. വ്യക്തിബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചു. ഈ ആതുര സേവകന്‍ കേരളത്തിലെ ആയുര്‍വേദ രംഗത്തെ കുലപതിയാണ്. വൈദ്യരത്നം പി എസ് വാര്യര്‍ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വര്‍ഷം പി കെ വാര്യര്‍ നയിച്ചു. അദ്ദേഹം എന്നും സ്നേഹ വാല്‍സല്യങ്ങളോടെയുള്ള പരിഗണന എനിക്ക് നല്‍കിയിരുന്നു എന്നതും ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ആയുര്‍വേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അദ്ദേഹത്തെ ലോക യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചിരുന്നു-മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ ആചാര്യന്‍ പദ്മഭൂഷണ്‍ ഡോ: പി.കെ വാര്യരുടെ വിടവാങ്ങല്‍ ലോകത്തിനു തന്നെ തീരാനഷ്ടമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നിസ്വാര്‍ത്ഥ സേവനത്തിലൂടെ ആതുരസേവനരംഗത്തു തന്നെ മാതൃകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ വേര്‍പാടിന്‍റെ വേദന വാക്കുകളില്‍ ഒതുങ്ങില്ലെന്നും മോഹന്‍ലാല്‍ അനുശോചിച്ചു.
1997 ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ എന്ന സ്ഥാനം നല്‍കി ആദരിച്ചു
പത്മശ്രീയും പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു
മുപ്പതാമത് ധന്വന്തരി അവാര്‍ഡ് 2001ല്‍ ലഭിച്ചു
ആയുര്‍വേദ ഡോക്റ്റര്‍മാരുടെ അക്കാദമി ഏര്‍പ്പെടുത്തിയ ആദി സമ്മാന്‍ പുരസ്കാരം 2001ല്‍ ലഭിച്ചു
2009ല്‍ അഷ്ടാംഗരത്ന പുരസ്കാരം ലഭിച്ചു