ഡിപി വേള്‍ഡ് ജെബല്‍ അലി സ്വതന്ത്ര മേഖലയിലെ ഓഹരികള്‍ വിറ്റേക്കും
ജെബല്‍ അലി സ്വതന്ത്ര മേഖലയിലെയോ അവിടെയുള്ള ആസ്തികളിലെയോ ഓഹരികള്‍ വില്‍ക്കുന്ന കാര്യമാണ് കമ്പനി പരിഗണിക്കുന്നത്
ദുബായ്: ദുബായ് ആസ്ഥാനമായ തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് ജെബല്‍ അലി സ്വതന്ത്ര മേഖലയിലെ ഓഹരികള്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് വിറ്റേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ജെബല്‍ അലി വ്യാപാര മേഖലയില്‍ നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം മനസിലാക്കുന്നതിനായി ഡിപി വേള്‍ഡ് കണ്‍സള്‍ട്ടന്റുമാരെ ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വതന്ത്ര മേഖലയിലെയോ അവിടെയുള്ള ആസ്തികളിലെയോ ഓഹരി വില്‍പ്പന അടക്കമുള്ള സാധ്യതകളാണ് ഡിപി വേള്‍ഡ് പരിഗണിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകളോ തന്ത്രപ്രധാന നിക്ഷേപകരോ ഇടപാടില്‍ താല്‍പ്പര്യം അറിയിച്ചേക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ എത്ര ഓഹരികള്‍ വില്‍ക്കണമെന്നോ ഏത് ഓഹരികള്‍ വില്‍ക്കണമെന്നോ ഉള്ള കാര്യത്തില്‍ കമ്പനി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
ദുബായിലേക്കുള്ള മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ (എഫ്ഡിഐ) മൂന്നിലൊന്നും എത്തുന്നത് ജബെല്‍ അലി സ്വതന്ത്ര വ്യാപാര മേഖലയിലേക്കാണ്. 2020ല്‍ 24.7 ബില്യണ്‍ ദിര്‍ഹത്തിന്റെ എഫ്ഡിഐ ആണ് ഇവിടെയെത്തിയത്.1980കളില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 8,000ത്തിലധികം കമ്പനികളാണ് ഇവിടെ ഓഫീസുകള്‍ ആരംഭിച്ചത്.
ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡിപി വേള്‍ഡ് ഇവിടുത്തെ ചില ആസ്തികളിലെ ഓഹരികള്‍ വിറ്റഴിക്കാനുള്ള പദ്ധതിയിലാണ്. 2022ഓടെ വരുമാനത്തിന്റെ നാലിരട്ടിയായി ബാധ്യതകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വില്‍പ്പന അടക്കമുള്ള സാധ്യതകള്‍ ഡി പി വേള്‍ഡ് പരിഗണിക്കുന്നത്. 2014ലാണ് 2.6 ബില്യണ്‍ ഡോളറിന് ഡിപി വേള്‍ഡ് സ്വതന്ത്ര മേഖല നടത്തിപ്പ് ഏറ്റെടുക്കുന്നത്.
അതേസമയം 2020 തുടക്കത്തില്‍ കടബാധ്യതയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയും 2009ലുണ്ടായത് പോലുള്ള മറ്റൊരു സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനുമായി 2020ല്‍ ദുബായ് ഡിപി വേള്‍ഡിനെ സ്വകാര്യ കമ്പനിയാക്കിയിരുന്നു. ജബെല്‍ അലി സ്വതന്ത്ര മേഖലയിലെ ഓഹരി വില്‍പ്പനയിലൂടെ, അബുദാബി, സൗദി അറേബ്യ പോലുള്ള പ്രാദേശിക അയല്‍ക്കാര്‍ക്കൊപ്പം സര്‍ക്കാര്‍ ആസ്തികളില്‍ വിദേശ നിക്ഷേപകര്‍ക്ക് നിക്ഷേപ അവസരങ്ങള്‍ തുറന്ന് കൊടുക്കുകയാണ് ദുബായും.
തുറമുഖങ്ങളുടെയും കാര്‍ഗോ ടെര്‍മിനലുകളുടെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ നടത്തിപ്പുകാരാണ് ഡിപി വേള്‍ഡ്. ഡിപി വേള്‍ഡിന്റെ വ്യാപാര ശൃംഖല ലണ്ടന്‍, ആഫ്രിക്ക, റഷ്യ, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.