ഡീപ് ടെക് സാങ്കേതിക മേഖലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍
കൊച്ചി: ലോകത്തിന്‍റെ ഭാവി തന്നെ നിശ്ചയിക്കുന്ന ഡീപ് ടെക് സാങ്കേതിക മേഖലയില്‍ ചുവടുറപ്പിച്ച് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ. രാജ്യത്തെ ഏറ്റവും മികച്ച ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ കേരളത്തില്‍ നിന്നുള്ള സംരംഭങ്ങള്‍ക്ക് മുന്‍പന്തിയിലാണ് സ്ഥാനം. രാജ്യത്തെ ടെക്നോളജി മേഖലയിലെ സുപ്രധാന സംഘടനയായ നാസ്കോമിന്‍റെ 2023 ലെ എമെര്‍ജ് 50 പുരസ്ക്കാരത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ അര്‍ഹരായി. ആഴത്തിലുള്ള ഗവേഷണത്തിലൂടെ ടെക് ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന നൂതന ഉത്പന്നങ്ങളാണ് ഡീപ് ടെക് എന്ന മേഖലയില്‍ ഉള്‍പ്പെടുന്നത്. ഇന്‍ടോട്ട് ടെക്നോളജീസ്, ഫ്യൂസലേജ് ഇനോവേഷന്‍സ്, പ്രൊഫേസ് ടെക്നോളജീസ്, സസ്കാന്‍ മെഡ്ടെക് എന്നിവയാണ് നാസ്കോം പുരസ്ക്കാരത്തില്‍ ഇടം പിടിച്ചത്. ഡിജിറ്റല്‍ റേഡിയോ സംപ്രേഷണത്തില്‍ നിലവിലുള്ള പിഴവുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ റിസിവറാണ് ഇന്‍ടോട്ട് ടെക്നോളജീസിന്‍റെ ഉത്പന്നം.
ഡിജിറ്റല്‍ റേഡിയോ റിസീവറില്‍ ഉപയോഗിക്കുന്ന ചിപ്പുകള്‍ക്ക് പകരമായി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സിഗ്നല്‍ റിസീവിംഗ് സാധ്യമാക്കുകയാണ്. ഈ ഉത്പന്നത്തിന് നിലവില്‍ എട്ട് പേറ്റന്‍റുകള്‍ ലഭിച്ചിട്ടുണ്ട്. ആറെണ്ണത്തിന്‍റെ നടപടികള്‍ നടന്നു കൊണ്ടിരിക്കുന്നു. സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായ റേഡിയോ സിഗ്നല്‍ റിസീവറിന് ദേശീയ പുരസ്ക്കാരവും ഇന്‍ടോട്ടിന് ലഭിച്ചിട്ടുണ്ട്. ഓരോ ഉപകരണത്തിലും 12 ഡോളര്‍ വരെ ലാഭിക്കാനും ഇവരുടെ ഉത്പന്നത്തിലൂടെ സാധിക്കും. റേഡിയോ റിസീവിംഗ് സിഗ്നലുകളുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റമാണ് ഇന്‍ടോട്ട് കൊണ്ടുവന്നിട്ടുള്ളതെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ രജിത് നായര്‍ പറഞ്ഞു. ലോകത്തെ വിവിധ കാര്‍ നിര്‍മ്മാതാക്കളുടെ നാല് ലക്ഷം കാറുകളിലാണ് പുതുതലമുറ ഇന്‍ടോട്ട് റേഡിയോ റിസീവര്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ ആഗോളപ്രശസ്തമായ സ്റ്റാര്‍ട്ടപ്പായി ഇന്‍ടോട്ട് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആകാശനിരീക്ഷണത്തിലൂടെ തന്നെ വളപ്രയോഗം, രോഗബാധ എന്നിവ മനസിലാക്കാനും അതിന്‍റെ പരിഹാരം ഡ്രോണ്‍ വഴി തന്നെ നടത്താനുമുള്ള സാങ്കേതികവിദ്യയാണ് ഫ്യൂസലേജ് ഇനോവേഷനുള്ളത്. സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഡിജിറ്റല്‍ കാര്‍ഷിക മാതൃക ഏര്‍പ്പെടുത്തുകയും മികച്ച കാര്‍ഷിക സംസ്ക്കാരം വളര്‍ത്തിയെടുക്കുകയുമാണ് ലക്ഷ്യം. ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (ജിഇപി)തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പാണിത്. 2020 ല്‍ ദേവന്‍ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും ചേര്‍ന്ന് ആരംഭിച്ച ഫ്യൂസലേജിന്‍റെ പ്രധാന കാര്‍ഷിക ടെക്നോളജി ഉത്പന്നങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം, നിരീക്ഷണം എന്നിവയാണ്. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനുള്ള വെബ് ആപ്ലിക്കേഷനാണ് പ്രൊഫേസ്. സൈബര്‍ ആക്രമണങ്ങള്‍ തത്സമയം കണ്ടെത്തി മൈക്രോസെക്കന്‍റുകള്‍ക്കുള്ളില്‍ അത് തടയുന്ന സോഫ്റ്റ് വെയര്‍ ഉത്പന്നമാണിത്. വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, ഇആര്‍പി സൊല്യൂഷന്‍സ്, സിആര്‍എം തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളെ സംരക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. വൈശാഖ് ടിആര്‍, ലക്ഷ്മി ദാസ് എന്നിവരാണ് പ്രൊഫേസിന്‍റെ സ്ഥാപകര്‍.
വായ്ക്കുള്ളിലെ അര്‍ബുദരോഗം കണ്ടെത്തുന്നതിനുള്ള സ്കാനിംഗ് ഉപകരണമാണ് സസ്കാന്‍ മെഡ് ടെക്കിന്‍റെ ഓറല്‍സ്കാന്‍. ലോകത്ത് വര്‍ഷം ഏതാണ്ട് 1.3 ലക്ഷം പേര്‍ക്ക് വായ്ക്കുള്ളില്‍ അര്‍ബുദം ബാധിക്കാറുണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള കാലതാമസം മൂലം ഇതില്‍ പകുതിയാണ് മരണനിരക്ക്. കയ്യില്‍ പിടിച്ചു കൊണ്ട് വായ്ക്കുള്ളില്‍ സ്കാന്‍ ചെയ്യാവുന്ന ലോകത്തിലെ ആദ്യ ഉപകരണമാണിത്. ക്ലൗഡ് സാങ്കേതികവിദ്യയി ലധിഷ്ഠിതമായ ഇതില്‍ തത്സമയ ചിത്രങ്ങളും ലഭിക്കും. നിലവില്‍ ടാറ്റാ മെമ്മോറിയല്‍ ആശുപത്രി, എകോഹം ഫൗണ്ടേഷന്‍ മുതലായവ ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്. സ്കാന്‍ ചെയ്യാന്‍ മാത്രമല്ല, അത്യന്തം കൃത്യതയോടെ ബയോപ്സി എടുക്കാനും ഇതിലൂടെ സാധിക്കുന്നു. ഡോ. സുഭാഷ് നാരായണന്‍, ഉഷ സുഭാഷ് എന്നിവരാണ് ഇതിന്‍റെ സ്ഥാപകര്‍.